പുലിമുട്ട് നിർമാണം പൂർത്തിയായില്ല; അഴിമുഖത്ത് മണൽത്തിട്ട ഉയർന്നു
1568459
Thursday, June 19, 2025 12:59 AM IST
പയ്യന്നൂര്‍: നിർമാണം പൂര്‍ത്തീകരിക്കാനുള്ള കാലാവധി പുതുക്കി നല്‍കിയിട്ടും പുതിയങ്ങാടി-പാലക്കോട് പുലിമുട്ട് നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ. പണി പൂർത്തിയാകാത്തത് കാരണം അഴിമുഖത്ത് ഉയർന്ന മണൽത്തിട്ട മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 26.60കോടി രൂപ ചെലവ് കണക്കാക്കിയാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്. ചൂട്ടാട് ഭാഗത്ത് 210 മീറ്റര്‍ നീളത്തിലുള്ള പ്രവൃത്തിയില്‍ നൂറ് മീറ്ററോളം മാത്രമാണ് ഭാഗികമായി പൂര്‍ത്തീകരിച്ചത്. പാലക്കോട് ഭാഗത്ത് 365 മീറ്റര്‍ നീളത്തിലുള്ള പ്രവൃത്തിയില്‍ നൂറ് മീറ്ററോളമാണ് പൂര്‍ണമായും പൂര്‍ത്തീകരിച്ചതെന്നും 2025 ഫെബ്രുവരി 15ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മത്സ്യബന്ധന മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
ഇതേ കരാറുകാരന് ഏറ്റെടുത്ത മാട്ടൂല്‍ പുലിമുട്ട് നിർമാണവും നിലച്ചുകിടന്നിരുന്ന അവസ്ഥചൂണ്ടിക്കാണിച്ച് കരാറുകാരനെ മാറ്റണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികളില്‍ നിന്നുണ്ടായി. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ ഇയാള്‍ക്കുതന്നെ കരാര്‍ പുതുക്കി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കരാര്‍ പുതുക്കിനല്കിയതോടെ ചെറിയ ചലനങ്ങളുണ്ടായിരുന്നതായും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ട പുലിമുട്ട് നിര്‍മാണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.വകുപ്പുദ്യോഗസ്ഥർ ഇടയ്ക്കിടെ വന്നു പോകുന്നതല്ലാതെ നിർമാണം പൂർത്തികരിക്കാൻ കരാറുകാരനിൽ ഇടപെടൽ നടത്തുന്നില്ലെന്നും ആരോപണമുണ്ട്. പുലിമുട്ട് നിര്‍മാണം പൂര്ത്തീകരിക്കാഞ്ഞതോടെയാണ് നേരത്ത ഡ്രഡ്ജിംഗ് നടത്തിയിടത്ത് മണൽതിട്ട രൂപപ്പെട്ടിരിക്കുന്നത്.