കയറ്റിറക്ക് തൊഴിലാളികളുടെ അനിശ്ചിതകാല സമരം: റേഷൻ വിതരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
1575289
Sunday, July 13, 2025 6:20 AM IST
മാനന്തവാടി: ജില്ലയിലെ എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച കൂലിവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് റേഷൻ വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയ്ക്കു കാരണമായി.
ജില്ലയിലെ റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ മീനങ്ങാടിയിലെ എഫ്സിഐ ഗോഡൗണിൽ ഇറക്കിയ ശേഷമാണ് താലൂക്ക് ആസ്ഥാനങ്ങളിലെ സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിൽ എത്തിക്കുന്നത്. ഇവിടങ്ങളിൽനിന്നാണ് സാധനങ്ങൾ വിതരണത്തിന് റേഷൻ കടകളിൽ ഇറക്കുന്നത്. സാധനങ്ങൾ യഥാസ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് തൊഴിലാളികളാണ്. ഇവരുടെ കൂലി കരാർ 2023ൽ അവസാനിച്ചിരുന്നു.
കൂലി വർധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 13 ശതമാനം വർധനവിൽ കൂലി എകീകരിക്കാൻ തീരുമാനമായി. തൊഴിലാളി സംഘടനാ പ്രതിനിധികളും കരാറുകാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യ-പൊതുവിതരണ ജോയിന്റ് സെക്രട്ടറി ജൂണ്‍ 19ന് ഉത്തരവ് ഇറക്കിയെങ്കിലും കൂലി വർധന ഇതുവരെ നടപ്പായില്ല.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ടിന് കീഴിൽ വരുന്ന പിഡിഎസ് ഗോഡൗണുകളിൽ 50 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നിലവിൽ റേഷൻ കടകളിൽ ഭക്ഷൃവസ്തുക്കൾ സ്റ്റോക്കുണ്ടെങ്കിലും സമരം തുടരുന്നത് ജില്ലയിലെ 314 റേഷൻ കടകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു കരുതുന്നവർ നിരവധിയാണ്.
മാനന്തവാടിയിൽ സലാം തൈക്കണ്ടി, ടി.കെ. രവീന്ദ്രൻ, സി. കുഞ്ഞബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് സമരം.