റവന്യു പട്ടയ ഭൂമിയിലെ ഈട്ടി മുറി : വനം വകുപ്പിന്റെ വീഴ്ചയ്ക്കെതിരായ പ്രമേയത്തിന് സിപിഐ ജില്ലാ സമ്മേളനത്തിൽ അംഗീകാരം
1575286
Sunday, July 13, 2025 6:20 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്നു പിടിച്ചെടുത്ത ഈട്ടിത്തടികളുടെ സംരക്ഷണത്തിൽ വനം വകുപ്പ് വരുത്തുന്ന വീഴ്ചയ്ക്കെതിരേ അവതരിപ്പിച്ച പ്രമേയത്തിന് സിപിഐ ജില്ലാ സമ്മേളനത്തിൽ അംഗീകാരം.
കൽപ്പറ്റയിൽനിന്നുള്ള പ്രതിനിധികളിൽ ഒരാൾ അവതരിപ്പിച്ച പ്രമേയമാണ് ബത്തേരി ചീരാൽ നടന്ന സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചത്.
റവന്യു വകുപ്പിന്റെ 2020 മാർച്ചിലെ പരിപത്രവും ഒക്ടോബറിലെ ഉത്തരവും മറയാക്കിയാണ് മുട്ടിൽ സൗത്ത് വില്ലേജിൽ ഈട്ടമുറി നടന്നത്. പരിപത്രവും ഉത്തരവും സർക്കാർ പിന്നീട് അസാധുവാക്കിയിരുന്നു.15 കോടി രൂപ വിലമതിക്കുന്ന ഈട്ടികളാണ് മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ചത്.
തൃക്കൈപ്പറ്റ വില്ലേജിലും അനധികൃത ഈട്ടിമുറി നടന്നു. തടികൾ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടിയിലെ ഡിപ്പോയിലേക്ക് മാറ്റിയത്. അഞ്ച് മഴക്കാലം നേരിട്ട ഈട്ടിത്തടികൾ നിയമക്കുരുക്കുകളിൽപ്പെട്ട് അവിടെത്തന്നെ കിടന്നു നശിക്കുകയാണ്. വനം അധികാരികളുടെ അനാസ്ഥയാണ് പൊതുമുതൽ നശിക്കുന്നതിന് കാരണം.
വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികൾ വിട്ടുകിട്ടുന്നതിന് മരംമുറിക്കേസിലെ പ്രതികളിൽ ചിലർ കോടതിയെ സമീപിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. ഹർജിയിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ തടികൾ നശിക്കാതെ സൂക്ഷിക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകണമെന്ന് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തടികൾക്ക് മതിയായ സംരക്ഷണം ഒരുക്കി വിവരം ഒരു മാസത്തിനകം അറിയിക്കണമെന്ന് 2023 ജനുവരി ആറിന് കോടതി ഉത്തരവായി. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും വനം വകുപ്പ് കോടതി ഉത്തരവ് നടപ്പാക്കിയില്ല. ലേലം ചെയ്യുകയും തുക പൊതുഖജനാവിൽ സൂക്ഷിക്കുകയും ചെയ്താൽ തടികൾ നശിക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാം. എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കുന്നില്ല.
അനധികൃതമായി മുറിച്ച മുഴുവൻ ഈട്ടിയും കസ്റ്റഡിയിലെടുക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് വനം ചീഫ് കണ്സർവേറ്റർക്ക് പരാതി അയച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നതാണ് സമ്മേളനം അംഗീകരിച്ച പ്രമേയം.