വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1575677
Monday, July 14, 2025 6:22 AM IST
മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പഴശി പാർക്കിൽ 1.20 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് സർക്കാർ വലിയ ഇടപെടലാണ് നടത്തിയത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വയനാട് മാറിയെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗണ്‍സിലർ അരുണ്‍കുമാർ, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.വി. സഹദേവൻ, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാൻ,
നഗരസഭാ സിഡിഎസ് ചെയർപേഴ്സണ്‍ ഡോളി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പാർക്കിൽ സോർബിംഗ് ബോൾ, മൾട്ടി സീറ്റർ സീസോ, മൾട്ടി പ്ലേ ഫണ്‍ സിസ്റ്റം, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ പുതുതായി ഒരുക്കിയിട്ടുണ്ട്.