സുഗമ ഗതാഗതം സർക്കാർ ഉത്തരവാദിത്തം: മന്ത്രി മുഹമ്മദ് റിയാസ്
1575676
Monday, July 14, 2025 6:22 AM IST
കൽപ്പറ്റ: ജില്ലയിലെ സുഗമ ഗതാഗതം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോട്ടത്തറ പഞ്ചായത്തിലെ കല്ലട്ടിയിൽ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെണ്ണിയോട് വലിയപുഴയ്ക്കു കുറുകെ 8.12 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 78.5 മീറ്റർ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിലുമാണ് പ്രവൃത്തി പൂർത്തിയാക്കുക. പാലങ്ങൾ ഒരു നാടിന്റെ വികാരമാണ്. കല്ലട്ടി പാലം പണി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.
സംസ്ഥാനത്ത് നാല് വർഷത്തിനിടെ 150 പാലം നിർമിച്ചു. നിയോജകമണ്ഡലത്തിൽ 257 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി പാതകളായി മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹ്മാൻ,
പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയർ ഇ.ജെ. വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എൻജിനിയർ സി.എസ്. അജിത്ത്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ.ബി. നിത തുടങ്ങിയവർ പങ്കെടുത്തു.