കാട്ടാനകൾ കൃഷി നശിപ്പിച്ചു
1575295
Sunday, July 13, 2025 6:20 AM IST
സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ രണ്ട് കുംകിയാനകളെ തളച്ചതിന് കുറച്ചകലെ കൂടല്ലൂരിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മൂടക്കൊല്ലിയിൽ രണ്ട് കാട്ടാനകൾ നിരന്തരം ശല്യം ചെയ്യുന്നുണ്ട്. ഇവയെ ഉൾക്കാട്ടിലേക്ക് തുരത്താൻ മുത്തങ്ങയിൽനിന്നു എത്തിച്ച പ്രമുഖ്, ഭാരത് എന്നീ കുംകികളെ തളച്ചതിനടുത്താണ് വെള്ളിയാഴ്ച രാത്രി കൃഷി നാശം ഉണ്ടായത്.
നിരവധിയാളുകളുടെ കൃഷിയിടങ്ങളിൽ നാശം ഉണ്ടായി. ഇന്നലെ രാവിലെ മൂടക്കൊല്ലിയിൽ വനപാലകരും പ്രദേശവാസികളും തമ്മിൽ വാക്കേറ്റം ഉണ്ടായി. കുംകിയാനകൾ ഉണ്ടായിരുന്നതിന് സമീപം കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചതിലുള്ള രോഷത്തിലാണ് നാട്ടുകാർ.
കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിൽ വനസേന മതിയായ ശുഷ്കാന്തി കാട്ടുന്നില്ലെന്ന ആക്ഷേപം തദ്ദേശീയർക്കുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തിനിടെ ആനകളെ ഉൾക്കാട്ടിലേക്കു തുരത്താൻ വനപാലകർ ശ്രമിച്ചുവരികയാണ്.