ഒരു നൂറ്റാണ്ട് മുന്പുള്ള ഹാർമോണിയം ജീവിതത്തിന്റെ ഭാഗമാക്കി ഡൊമിനിക്
1575668
Monday, July 14, 2025 6:18 AM IST
പുൽപ്പള്ളി: ഒരു നൂറ്റാണ്ടു മുന്പുള്ള ഹാർമോണിയത്തെ ഇന്നും ജീവിതത്തിന്റെ ഭാഗമാക്കി വച്ചിരിക്കുകയാണ് പുൽപ്പള്ളി സീതാമൗണ്ട് എഴുത്തുപള്ളിയ്ക്കൽ വീട്ടിൽ ഇ.ജെ. ഡൊമിനിക്.
പാട്ടിനോട് എന്നും പ്രിയമായിരുന്നു. അങ്ങനെയാണ് ഈ ഹാർമോണിയത്തിലേക്ക് എത്തുന്നത്. പേരാവൂർ കോളയാടുള്ള സുഹൃത്തിന്റെ കൈയ്യിലായിരുന്നു ആദ്യം ഈ ഹാർമോണിയം ഉണ്ടായിരുന്നത്. അത് കൊടുക്കുന്നതറിഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. ഇറ്റലിയിൽ നിന്നും വന്ന ഒരു പുരോഹിതന്റെ കൈയ്യിൽ നിന്നാണ് അദ്ദേഹത്തിന് ഈ ഹാർമോണിയം ലഭിക്കുന്നത്. അന്നതിന് 65 വർഷം പഴക്കമുണ്ടായിരുന്നു.
അക്കാലത്ത് 500 രൂപ നൽകി ഹാർമോണിയം വാങ്ങി വയനാട്ടിലേക്ക് വന്നു. ഇപ്പോൾ അഞ്ച് പതിറ്റാണ്ടിലേറെയായി ജീവിതത്തിനൊപ്പം ഈ ഹാർമോണിയവുമുണ്ട്. ഹാർമോണിയത്തിന് ഇപ്പോൾ 120 വർഷത്തെ പഴക്കമുണ്ടെന്ന് ഡൊമിനിക് പറഞ്ഞു.
ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചു. ആ ദുഖം മറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഗീതത്തിലേക്ക് അടുക്കുന്നത്. പാട്ടിനോടായിരുന്നു പ്രിയം. അങ്ങനെ സ്വന്തം നിലയിലും അല്ലാതെയും പാട്ടുകൾ പഠിച്ചു. പിന്നെ പള്ളികളിലെ ക്വയറുകളിലെ സ്ഥിരം പാട്ടുകാരനായി. ഹാർമോണിയം വായിച്ച് പാടുന്നതിനാൽ സംഗീതപ്രേമികൾക്കെല്ലാം എന്നും പ്രിയപ്പെട്ടവനായിരുന്നു ഡൊമിനിക്.
ഒരുകാലത്ത് നാടകത്തിന്റെ പിന്നണിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഹാർമോണിയത്തിൽ വിരൽ മീട്ടി പാട്ടുപാടാൻ ഇപ്പോഴും സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒഴിവുസമയങ്ങളിൽ എഴുത്തുപള്ളിയ്ക്കൽ വീട്ടിൽ നിന്നും ഡൊമിനികിന്റെ പാട്ടും ഹാർമോണിയത്തിന്റെ ശബ്ദവും കേൾക്കാം. അന്നും ഇന്നും പ്രോത്സാഹനങ്ങളുമായി കുടുംബവും അദ്ദേഹത്തിന് ഒപ്പമുണ്ട്. ഇനിയും പാട്ടും സംഗീതവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്നമ്മയാണ് ഡൊമിനികിന്റെ ഭാര്യ. ജയിംസ്, വിൻസെന്റ് എന്നിവരാണ് മക്കൾ.