വൃക്ഷത്തൈകൾ നട്ടുവളർത്താൻ ട്രീ ബാങ്കിംഗ് പദ്ധതി: കർഷകർക്ക് സാന്പത്തിക സഹായവുമായി വനം വകുപ്പ്
1575104
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: പരന്പരാഗത വനമേഖലയ്ക്ക് പുറമേ വൃക്ഷവത്കരണ വ്യാപനത്തിന് വനം വകുപ്പ് ട്രീ ബാങ്കിംഗ് പദ്ധതി നടപ്പാക്കുന്നു. സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർധിപ്പിച്ച് വൃക്ഷത്തൈകൾ നട്ടുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് സാന്പത്തിക പ്രോത്സാഹനം, വാർഷിക ധനസഹായം, കാർബണ് ക്രെഡിറ്റ് വരുമാനം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ഉറപ്പാക്കും.
ആദ്യഘട്ടത്തിൽ ചന്ദന ത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനാണ് പരിഗണന നൽകുക. സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷത്തെ ലീസിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. തൈകൾ നട്ടു വളർത്തുന്നതതിനുള്ള പ്രോത്സാഹന ധനസഹായം മൂന്നാം വർഷം മുതലാണ് നൽകുക.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കുന്നവർക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷത്തിന് ശേഷം ഉടമകൾക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാം.
വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ തേക്ക്, റോസ് വുഡ്, ചന്ദനം, പ്ലാവ്, കാട്ടുപ്ലാവ്, തന്പകം, കരിമരുത്, കുന്പിൾ, വെന്തേക്ക്, മഹാഗണി, ആഞ്ഞിലി, തുടങ്ങിയ തദ്ദേശീയ ഇനങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
തൈകളുടെ വലിപ്പമനുസരിച്ച് 55 രൂപയും 23 രൂപയും വിലയുള്ള തൈകൾ വനം വകുപ്പ് സൗജന്യമായി നൽകും. നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം കണക്കാക്കി ഓരോ വർഷവും ഒരു മരത്തിന് 10 രൂപ മുതൽ 30 രൂപ വരെ പ്രോത്സാഹനം ലഭിക്കുന്നതാണ് പദ്ധതിയുടെ നേട്ടം.