ഊർപ്പള്ളി റോഡിൽ യാത്രാദുരിതം
1575097
Saturday, July 12, 2025 5:41 AM IST
മാനന്തവാടി: നഗരസഭയിലെ ഉൗർപ്പള്ളി റോഡിൽ യാത്രാദുരിതം. ചളി നിറഞ്ഞ റോഡിൽ കാൽനടപോലും ദുഷ്കരമായത് പ്രദേശത്തെ കുടുംബങ്ങളെ വലയ്ക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചതാണ് വർധിച്ച ദുരിതത്തിനു കാരണമായത്.
നഗരസഭയിലെ 16, 17 വാർഡുകൾക്കിടയിലൂടെ കടന്നുപോകുന്നതാണ് 400 മീറ്റർ ദൂരം വരുന്ന ഉൗർപ്പള്ളി റോഡ്. 35 വർഷം മുന്പ് നാട്ടുകാരാണ് റോഡ് നിർമിച്ചത്. മറ്റുഭാഗങ്ങളിൽനിന്നു എത്തിച്ച ടാറിംഗ് വേസ്റ്റ് നിരത്തി പ്രദേശവാസികൾ റോഡ് ഒരളവോളം സഞ്ചാരയോഗ്യമാക്കിയിരുന്നു.
നഗരസഭാഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം തുടങ്ങിയത്. വശങ്ങളിലെ മണ്ണ് റോഡിലേക്ക് കോരിയിട്ടതല്ലാതെ മറ്റു പ്രവൃത്തികൾ നടന്നില്ല. മഴക്കാലമായതോടെയാണ് റോഡിൽ ചളി നിറഞ്ഞത്. കുട്ടികളെ സ്കൂളുകളിൽ കൊണ്ടുപോകാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ആളുകൾ പ്രയാസപ്പെടുകയാണ്.
ആഴ്ചകൾ മുന്പ് രണ്ടു വാഹനങ്ങൾ ചളിയിൽ തെന്നി മറിഞ്ഞിരുന്നു. റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരനടപടി ഇല്ലെന്നു പ്രദേശവാസികൾ പറഞ്ഞു.