അതിഥി തൊഴിലാളികളിൽ 23 പേരിൽ മന്ത് കണ്ടെത്തി
1575102
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ 23 പേരിൽ മന്ത് കണ്ടെത്തി. 2024 ജനുവരി ഒന്നു മുതൽ 2025 ജൂലൈ 10 വരെ നടത്തിയ സ്ക്രീനിംഗിലാണ് ഇത്രയും പേരിൽ മന്ത് കണ്ടെത്തിയത്. മലേറിയ, മന്ത് എന്നിവ കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്ക്രീനിംഗ് ക്യാന്പുകൾ സംഘടിപ്പിച്ചത്.
ക്യാന്പുകളിൽ മലേറിയ ബാധിതരെ കാണാനായില്ല. തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 3,557 അതിഥി തൊഴിലാളികളാണുള്ളത്. 2024ൽ 271 സ്ക്രീനിംഗ് ക്യാന്പുകളാണ് സംഘടിപ്പിച്ചത്. 6,236 പേരെ മന്ത്, മലേറിയ പരിശോധനയ്ക്ക് വിധേയമാക്കി. 22 പേരിൽ മന്ത് കണ്ടെത്തി. 2025 ജനുവരി ഒന്നു മുതൽ ജൂലൈ 10 വരെ 43 ക്യാന്പുകൾ നടത്തി. 1275 പേരെ മന്ത്, 889 പേരെ മലേറിയ പരിശോധനയ്ക്കു വിധേയമാക്കി. ഒരാളിൽ മന്ത് സ്ഥിരീകരിച്ചു.
മലേറിയ, മന്ത് എന്നിവ കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് ’മിസ്റ്റ്’ എന്ന പേരിൽ രാത്രികാല ഫീൽഡ് പരിശോധന നടത്തിയിരുന്നു. ഡോക്ടറും രണ്ട് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്നതായിരുന്നു പരിശോധനാസംഘം. അതത് പ്രദേശത്തെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് സംഘത്തിനു സഹായം നൽകിയത്.