ചരക്കുവാഹന ഉടമകളും തൊഴിലാളികളും നാലിന് പണിമുടക്കും
1458272
Wednesday, October 2, 2024 5:30 AM IST
കൽപ്പറ്റ: ചരക്കുവാഹന ഉടമകളും തൊഴിലാളികളുംസംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കുന്ന നാലിന് രാവിലെ 10.30നു ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും.
സമരസമിതി ഭാരവാഹികളായ ഗിരീഷ് കൽപ്പറ്റ, സി.പി. മുഹമ്മദലി, കെ.പി. ജസ്മൽ, മുനവർ അലി, കെ.ബി. രാജു കൃഷ്ണ, കെ.എം. ഷിജു, കെ. അസീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. എസ്ടിയു ജില്ലാ സെക്രട്ടറി സി. മൊയ്തീൻകുട്ടി ധർണ ഉദ്ഘാടനം ചെയ്യും.
ലോറി വാടക വർധിപ്പിക്കുന്നതിന് നടപടികൾ വേഗത്തിലാക്കുക, എഫ്സിഐ ഡിപ്പോകളിൽനിന്നുള്ള ചരക്കുനീക്കത്തിന് സിവിൽ സപ്ലൈസ് കോർപറേഷൻ പുതുതായി ബാധകമാക്കിയ ടെൻഡർ വ്യവസ്ഥകൾ റദ്ദുചെയ്യുക, ക്വാറികളിൽ വെയ് ബ്രിഡ്ജ് നിർബന്ധമാക്കുക, ക്വാറി ഉത്പന്നങ്ങൾ കയറ്റിയ ടിപ്പറുകൾ വഴിയിൽ തടഞ്ഞുനിർത്തി വലിയ തുക പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക,
അന്തർ സംസ്ഥാന പെർമിറ്റ് ലോറികളിൽനിന്നു ഹെൽപ്പർ ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നിർത്തുക, സർക്കാർ നിർദേശത്തിനു വിരുദ്ധമായി ടിപ്പറുകൾക്ക് രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക, ചരക്കുവാഹനങ്ങളിലെ ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും താലൂക്ക് അടിസ്ഥാനത്തിൽ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.