മുതുമല നിവാസികളുടെ കാത്തിരിപ്പു സമരം നാളെ ബോസ്പറയിൽ
1394269
Tuesday, February 20, 2024 7:49 AM IST
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട് ആദിവാസി മുന്നേറ്റ സംഘത്തിന്റെ (സിപിഐ) ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒന്പതിന് ദേവർഷോല പഞ്ചായത്തിലെ ബോസ്പറയിൽ കാത്തിരിപ്പു സമരം നടത്തുമെന്ന് തമിഴ്നാട് ആദിവാസി മുന്നേറ്റ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ഗുണശേഖരൻ ഗൂഡല്ലൂർ സിപിഐ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുതുമല കടുവാ സങ്കേതത്തിൽ നിന്ന് പരിസര ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, സ്ഥലത്തിന് പട്ടയം നൽകുക, കുടിവെള്ളം, റോഡ്, നടപ്പാത, വൈദ്യുതി, തെരുവ് വിളക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, നിയമപരമായ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
സ്വകാര്യ വ്യക്തി ചെന്നൈ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി ഒരു വർഷത്തിനകം മുതുമല നിവാസികളെ പുനരധിവസിപ്പിക്കണമെന്ന് 2007 ഫെബ്രുവരി 19ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില കുടുംബങ്ങൾക്ക് അവരുടെ കൈവശ ഭൂമിക്ക് പകരം 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുകയും ബാക്കിയുള്ളവരെ അയ്യംകൊല്ലിക്കടുത്ത ചണ്ണകൊല്ലിയിലേക്ക് മാറ്റി പാർപ്പിക്കുകയുംചെയ്തിരുന്നു. കുറച്ച് കുടുംബങ്ങളെ ബേബി നഗറിലേക്കും മാറ്റി പാർപ്പിച്ചിരുന്നു.
എന്നാൽ മുതുകുളിയിലെ ഏഴ് ആദിവാസി കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകേണ്ട സ്ഥാനത്ത് 5.50 ലക്ഷം രൂപയാണ് നൽകിയത്. ഇവർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് 1.50 ലക്ഷം രൂപ വീതം വീണ്ടും നൽകിയിരുന്നു.സിപിഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ് ഗനി, മുതുമല പഞ്ചായത്ത് മുൻ പ്രസിഡന്റ് ലളിത, സുരേഷ്, ദാസ്, മഹേന്ദ്രകുമാർ, കമലാക്ഷി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.