കുടകിലെ ആദിവാസി യുവാവിന്റെ മരണം: കൊലപാതകമെന്ന് കുടുംബം
1337933
Sunday, September 24, 2023 12:42 AM IST
മാനന്തവാടി: കുടകിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. കണാടകയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ അവ്യക്തതയുണ്ടെന്നും സംസ്ഥാന സർക്കാർ കേസിൽ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബാവലി സ്വദേശി യായ എം.എസ്. ബിനീഷിനെയാണ് ജോലിസ്ഥലത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 16-ാം തീയതി കുടകിലേക്ക് ജോലിക്ക് പോയ ബിനീഷ് മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചുവെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്.
ജോലി സ്ഥലത്തെ കുളത്തിൽ മുങ്ങി മരിച്ചുവെന്നാണ് തൊഴിലുടമ ആദ്യം കുടുംബത്തെ അറിയിച്ചത്.
എന്നാൽ ബിനീഷ് താമസിക്കുന്ന വീടിന് സമീപത്ത് വെള്ളം തീരെ കുറഞ്ഞ തോടിന് സമീപത്ത് മരിച്ചു കിടക്കുന്നതാണ് കർണാടക പോലീസ് പകർത്തിയ ചിത്രങ്ങളിലുള്ളത്. വീട്ടുകാർ എത്തുന്നതിന് മുന്പ് മൃതദേഹം എടുത്തു മാറ്റിയതും പോസ്റ്റ്മോർട്ട നടപടികൾ കുട്ടം ആശുപത്രിയിൽ വീട്ടുകാർ ക്രമീകരിച്ചിട്ടും ഗോണിക്കുപ്പയിലേക്ക് മറ്റിയതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
കുടകിൽ ആദിവാസികളെ കാണാതാവുകയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുന്നതിൽ സമഗ്ര അന്വേഷണം വെണമെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. കാട്ടിക്കുളം സ്വദേശിയായ വ്യക്തിയാണ് ബിനിഷിനെ ജോലിക്ക് കൊണ്ടു പോയത്.
ദുരൂഹമരണം സംബന്ധിച്ച് തിരുനെല്ലി പോലീസിൽ വിളിച്ചറിയിച്ചിട്ടും ഇതുവരെ ഇടപെടലുകളുണ്ടായിട്ടില്ലന്നും കുടുംബം ആരോപിച്ചു. മൃതദേഹം കാണുന്നതിന് മുന്പ് പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയ ഡോക്ടർ മുഖത്തെമുറിവ് ഞണ്ട് കടിച്ചതാണെന്ന് പറഞ്ഞതും കോലപാതകമാണെന്ന കുടുംബത്തിന്റെ സംശയം ബലപ്പെടുത്തുന്നതാന്നെന്നും കുറ്റക്കാരെ നിയമത്തിന് മുന്പിൽ കൊണ്ടുവരണമെന്നും ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും അയൽവാസി സിദ്ദിഖ് പറഞ്ഞു.