ദുരന്ത നിവാരണം: മുന്നൊരുക്കത്തിനു നിർദേശം
1297345
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: മഴക്കെടുതികൾ നേരിടുന്നതിനും ദുരന്ത നിവാരണ മുന്നൊരുക്കത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജ് നിർദേശം നൽകി.
കാലവർഷം ശക്തിപ്രാപിച്ചാലുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കൃഷിനാശം, ഗതാഗത തടസം, മരം വീണുള്ള അപകടങ്ങൾ എന്നിവ തടയുന്നതിനുള്ള നടപടി സ്വീകരിക്കണം. വിവിധ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിക്കണം.
റോഡിലേക്കും വീടുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുകളിലേക്കും ചാഞ്ഞ് നിൽക്കുന്നതിൽ അപകട ഭീഷണിയുള്ള മുഴുവൻ മരങ്ങളും നടപടിക്രമങ്ങൾ പൂർത്തിയാക്കി മുറിച്ചുമാറ്റണം. തദ്ദേശ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. ഉരുൾപൊട്ടൽ ഉൾപ്പെടെ അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണം.
കാലവർഷവുമായി ബന്ധപ്പെട്ട് സർക്കാരും ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം. പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും സ്ഥാപിച്ച പരസ്യ ബോർഡുകൾ അപകട ഭീഷണിയുള്ളതാണെങ്കിൽ നീക്കം ചെയ്യണം.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. കാലപ്പഴക്കം ചെന്നതും മതിയായ രേഖകളില്ലാത്തതും കാര്യക്ഷമതയില്ലാത്തതുമായ വാഹനങ്ങൾ സ്കൂൾ ആവശ്യത്തിന് സർവീസ് നടത്തുന്നില്ല എന്ന് സ്ഥാപന മേധാവിയും മാനേജ്മെന്റും പിടിഎയും ഉറപ്പുവരുത്തണം. കുട്ടികളെ കുത്തിനിറച്ച് സ്കൂൾ വാഹനങ്ങൾ സർവീസ് നടത്തരുത്. സ്കൂളുകളിൽ പാചകത്തിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം ലാബുകളിൽ പരിശോധിച്ച് ഉപയോഗയോഗ്യമാണന്ന് ഉറപ്പുവരുത്തണം.
ദുരിതാശ്വാസ ക്യാന്പുകൾക്കാവശ്യമായ സ്ഥലം കണ്ടെത്തണം. ഇവിടങ്ങളിൽ ടോയ്ലറ്റ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രക്ഷാപ്രവർത്തനത്തിനും ആളുകളെ മാറ്റുന്നതിനും ആവശ്യമായ ബോട്ടുകൾ തയാറാക്കി വയ്ക്കണം. ഇക്കാര്യത്തിൽ ടൂറിസം വകുപ്പ് ആവശ്യമായ സഹായം ചെയ്യണം. ജില്ലാ, താലൂക്ക് തലങ്ങളിൽ കണ്ട്രോൾ റൂം പ്രവർത്തനം കാര്യക്ഷമമാക്കണം.
ദേശീയപാതയിലെ അപകടഭീഷണിയുള്ള മരങ്ങൾ അധികൃതർ മുറിച്ചുമാറ്റണം. കൃഷിനാശം, മറ്റ് അപകടങ്ങൾ, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസംകൂടാതെ നടപടി സ്വീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും വേണം. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സിവിൽ സപ്ലൈസ് വകുപ്പ് ശേഖരിച്ച് സൂക്ഷിക്കണം. ജില്ലാതല ഉദ്യോഗസ്ഥർ കളക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത്. ഡാമുകളുടെ ഷട്ടറുകൾ പ്രവർത്തനക്ഷമമാണെന്നു ഉറപ്പുവരുത്തണം.ശക്തമായ മഴയുണ്ടാവുന്ന പക്ഷം നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാലവർഷം ശക്തിപ്പെട്ടാൽ ജലാശയങ്ങളിലും നദികളിലും തോടുകളിലും കുളിക്കുന്നതും മീൻ പിടിക്കുന്നതും ഒഴിവാക്കണം. കുട്ടികളെ തനിച്ച് കളിക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലേക്കും വിടരുത്. ഓറഞ്ച് ബുക്കിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും ചുമതലകൾ കൃത്യമായി നിർവഹിക്കണമെന്നും കളക്ടർ നിർദേശിച്ചു.