എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം; കലാജാഥ ജില്ലയിൽ പര്യടനം തുടങ്ങി
1280339
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയിൽ പര്യടനം തുടങ്ങി.
കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച കലാ ജാഥ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യ സംസ്കരണത്തിന് ചുക്കാൻ പിടിക്കുന്ന ഹരിത കർമസേനയുടെ പ്രവർത്തനങ്ങളും ആവശ്യകതയും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യവും യൂസർ ഫീ, അജൈവ മാലിന്യ ശേഖരണ കലണ്ടർ, എംസിഎഫ് പ്രവർത്തനം എന്നിവ കലാജാഥയിൽ അവതരിപ്പിക്കും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്നിവയ്ക്കെതിരേയും അനധികൃത മാലിന്യ സംസ്കരണ രീതികൾ സംബന്ധിച്ചും ബോധവത്കരിക്കും.
കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച കലാ ജാഥ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ്, മേപ്പാടി ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ പര്യടനം നടത്തി. രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥയുടെ സ്ക്രിപ്റ്റ് ചിട്ടപ്പെടുത്തിയത് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാമോളാണ്. ജാഥ ക്യാപ്റ്റൻ കെ.പി. ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചത്. കുടുംബശ്രീ ട്രാൻസ് ജെൻഡർ ഫോറത്തിലെ പ്രതിനിധിയും കലാ ജാഥയുടെ ഭാഗമാണ്.