ശോഭ സുരേന്ദ്രനു മറുപടിയുമായി ഡിസിസി പ്രസിഡന്റ്
1264064
Wednesday, February 1, 2023 11:36 PM IST
കൽപ്പറ്റ: രാഹുൽഗാന്ധി എംപിക്കെതിരേ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നടത്തിയ വിമർശനത്തിനു മറുപടിയുമായി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. വയനാട് എംപി എന്ന നിലയിൽ രാഹുൽ പരാജയമാണെന്നു ശോഭ സുരേന്ദ്രൻ ബിജെപി യോഗത്തിൽ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റിന്റെ മറുപടി. കാര്യങ്ങൾ മനസിലാക്കിയിട്ടുവേണം ശോഭാ സുരേന്ദ്രൻ രാഹുൽഗാന്ധിയെ വിമർശിക്കേണ്ടതെന്നു അപ്പച്ചൻ പറഞ്ഞു. പ്രളയ, കോവിഡ് കാലങ്ങളിൽ ജില്ലയെ ചേർത്തുപിടിച്ച പാർലമെന്റ് അംഗമാണ് രാഹുൽഗാന്ധി.
ഗ്രാമീണ റോഡുകളുടെ വികസനത്തിന് 110.8 കോടി രൂപയുടെ പദ്ധതികളാണ് രാഹുൽഗാന്ധി മണ്ഡലത്തിൽ എത്തിച്ചത്. പൊഴുതന പഞ്ചായത്തിനെ പടിഞ്ഞാറത്തറയുമായി ബന്ധിപ്പിക്കുന്ന അച്ചൂർ പാലം നിർമാണത്തിനും രാഹുൽഗാന്ധി വഴിയൊരുക്കി. മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിൽ 12 റോഡുകൾക്കും മുപ്പിനി പാലത്തിനും അംഗീകാരം ലഭിച്ചു.
സിആർഐഎഫിൽ 145 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നേടിയെടുക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. കേരളത്തിൽ അനുവദിച്ച 30 റോഡുകളിൽ പത്തും വയനാട് പാർലമെന്റ് മണ്ഡലത്തിലാണ്.
എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ പദ്ധതികൾ നടപ്പാക്കിവരികയാണ്. നല്ലൂർനാട് കാൻസർ സെന്ററിന് 40 ലക്ഷം രൂപ ചെലവിൽ ട്രാൻസ്ഫോർമർ അനുവദിച്ചു. മണ്ഡലത്തിൽ ഗോത്രമേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ പുരോഗതിയിലാണ്. വിദ്യാഭ്യാസ ഉന്നമനത്തിനു ടാറ്റ പവറിനെ ജില്ലയിൽ എത്തിക്കാൻ രാഹുൽഗാന്ധിക്കായി.
ടാറ്റാ പവറും അസാപ് കേരളയും ചേർന്ന് നിരവധി ടെക്നിക്കൽ കോഴ്സുകളാണ് ജില്ലയിൽ നടത്തുന്നത്. അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന് സിഎസ്ആർ ഫണ്ട് ജില്ലയിൽ എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചതും എംപിയാണെന്ന് അപ്പച്ചൻ പറഞ്ഞു.