സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിൽ ഫിസിയോതെറാപ്പി യൂണിറ്റ് സജ്ജം: മന്ത്രി
1602148
Thursday, October 23, 2025 5:18 AM IST
പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പുറമേരി: സംസ്ഥാനത്തെ മുഴുവന്‍ ഹോമിയോ ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആയുഷ് ആശുപത്രികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പുതിയ ആശുപത്രികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്നും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജമാക്കിയതിലൂടെ ജനങ്ങള്‍ക്കാവശ്യമായ സേവനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി കേരളം ആരോഗ്യരംഗത്ത് മുന്നേറ്റം നടത്തുകയാണ്. എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിന് പിന്നിൽ.
ഇതേ അത്മാർത്ഥയോടെ മുന്നോട്ട് പോയാൽ വൻ മാറ്റങ്ങൾ സാധ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി ലക്ഷ്മി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷന്, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം. വിമല, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. ഇന്ദിര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സീന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പുതിയോട്ടില്‍, ഡോ. ഹീര, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
photo:
പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി വീണ ജോര്‍ജ് നിർവഹിച്ച ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നാട മുറിക്കുന്നു