വുഷു ചാമ്പ്യന്മാര്ക്ക് പുതിയ കരുത്ത്
1572479
Thursday, July 3, 2025 4:57 AM IST
കോഴിക്കോട്: ഇടിക്കൂട്ടില്‍ പുതിയ പോരാളികളെ വാര്‍ത്തെടുക്കാന്‍ പുതിയ വുഷു പ്ലാറ്റ്ഫോം ഒരുക്കി കുന്നമംഗലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്.
അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതമായ ചൈനീസ് ആയോധന കലയായ വുഷുവില്‍ നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാണ് കുന്നമംഗലം കോളേജ്. മികച്ച നിലവാരത്തിലുള്ള വുഷു പ്ലാറ്റ്ഫോം ഒരുങ്ങിയതിലൂടെ ഈ രംഗത്ത് ജില്ലയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് സാധാരണ വുഷു മാറ്റ് ഉപയോഗിച്ചാണ് ഇതുവരെ കോളേജില്‍ പരിശീലനം നല്കിവന്നത്. ഇതില്‍ 20 പേര് ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കുകയും അഞ്ച് പേര് മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
മൂന്ന് യുജി കോഴ്സും ഒരു പിജി കോഴ്സും മാത്രമായി 2014 ല്‍ ആരംഭിച്ച കോളജ് 2020 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വൂഷുവില് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരുമായിരുന്നു.