ഹൗസ് സര്ജന്മാരെ കാത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്
1572478
Thursday, July 3, 2025 4:57 AM IST
മെഡിക്കല്‍ കോളജില്‍ ഹൗസ് സര്ജന്മാരുടെ കുറവ് പ്രതിസന്ധിയാവുന്നു
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഹൗസ് സര്ജന്മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഹൗസ് സർജൻമാർ പ്രധാനമായും ഡ്യൂട്ടി ചെയ്യുന്ന അത്യാഹിത വിഭാഗത്തിലാണ് പ്രതിസന്ധി രൂക്ഷം. ഹൗസ് സർജൻസി പൂർത്തിയാക്കിയ 242 ഡോക്ടർമാരാണ് കഴിഞ്ഞ ആഴ്ച സേവന കാലയളവ് പൂര്‍ത്തിയാക്കി ഇറങ്ങിയത്.
അത്യാഹിത വിഭാഗത്തിൽ ഒരേസമയം പതിനഞ്ചോളം ഡോക്ടർമാർ കുറഞ്ഞതോടെ രോഗികളാണ് ദുരിതത്തിലായത്. രോഗികളിൽ നിന്നു വിവരം തിരക്കിയശേഷം എല്ലുരോഗ, സർജറി, മെഡിസിൻ തുടങ്ങി ആവശ്യമായ വിഭാഗങ്ങളിലേക്ക് വിടുന്നത് നഴ്സുമാരാണ്. മുൻപ് ഡോക്ടർമാർ രോഗനിർണയം നടത്തിയാണ് ഇതു ചെയ്തിരുന്നത്.
അടുത്ത ബാച്ചിലെ ജയിച്ചു വരുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഹൗസ് സർജൻസി കഴിഞ്ഞ ഡോക്ടർമാരെ മൂന്ന് മാസത്തേക്ക് പ്രതിമാസം 45,000 രൂപ നൽകി സർക്കാർ നിയമിക്കുന്നത്.
125 പേരെ വരെ നിയമിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. ഇവർക്ക് മാസം നൽകുന്ന തുക വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അടുത്ത ബാച്ച് വരാന്‍ മൂന്നുമാസം കഴിയും. പ്രവേശന പരീക്ഷയിലെ കാലതാമസം, കോഴ്സ് തുടങ്ങാൻ വൈകിയത്, എംബിബിഎസ് പരീക്ഷ വൈകിയത്, ഫലം വരാൻ വൈകിയത് തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടുത്ത ബാച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കാൻമൂന്നുമാസംവരെ താമസിക്കുന്ന സ്ഥിതിയാണ്.
ആ കാലത്തേക്ക് സാധാരണ ഹൗസ് സർജൻസി കഴിഞ്ഞവരെയാണ് നിയോഗിക്കുന്നത്.എന്നാൽ ഈ സേവനം നിർബന്ധം അല്ലാത്തതിനാൽ ആളെ കിട്ടാൻ പ്രയാസമാണ്. ഇത്തവണ ഇതുവരെ 28 പേരാണ് റജിസ്റ്റർ ചെയ്തത്. ജോലിയുടെ സേവന താൽപര്യം കൂടി കണക്കിലെടുത്ത് കൂടുതൽ പേർ തയാറാകുമെന്ന പ്രതീക്ഷയാണ് ആശുപത്രി അധികൃതര്‍ പങ്കുവയ്ക്കുന്നത്.