കപ്പൽച്ചാൽ : ബേപ്പൂർ തുറമുഖത്തെ ആഴംകൂട്ടൽ ഫെബ്രുവരിയിൽ തീരും
1572475
Thursday, July 3, 2025 4:43 AM IST
കോഴിക്കോട്: തുറമുഖത്തെ കപ്പൽച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണു തീരുമാനം.
കപ്പൽച്ചാൽ ഡ്രഡ്ജിംഗ് നടത്തുന്നതിനു നേരത്തേ 11.80 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രവൃത്തി ആരംഭിച്ചപ്പോൾ അടിത്തട്ടിൽ പാറയുടെ സാന്നിധ്യം കാരണം ഡ്രഡ്ജിംഗ് പൂർത്തിയാക്കാനായില്ല.
മാരിടൈം ബോർഡ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ചെങ്കൽ പാറകൾ നീക്കി കപ്പൽച്ചാൽ ആഴം കൂട്ടാൻ ഹാർബർ എന്‍ജിനിയറിംഗ് വകുപ്പ് 82.80 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു ശുപാർശയും സമർപ്പിച്ചതായി തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.ഇതോടൊപ്പം കോഴിക്കോട് ഭട്ട് റോഡ് ബീച്ചില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ ഏഴ് കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു.
ഫണ്ട് ലഭ്യമായാലുടന്‍ പ്രവൃത്തി തുടങ്ങുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. പദ്ധതിക്ക് മൂന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.