സ്കൂട്ടറിൽനിന്ന് തെറിച്ച് വീണത് ജീപ്പിന് അടിയിലേക്ക് : യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു
1572473
Thursday, July 3, 2025 4:43 AM IST
നാദാപുരം: നിയന്ത്രണംവിട്ട സ്കൂട്ടർ മറ്റൊരു സ്കൂട്ടറിലിടിച്ച് മറിഞ്ഞു യാത്രക്കാരൻ തെറിച്ച് വീണത് ഓടിക്കൊണ്ടിരുന്ന ഥാർ ജീപ്പിനടിയിൽ. യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശി മബ്രൂക്ക് (20) ആണ് ഥാർ ജീപ്പിന്റെ ടയറിനുള്ളിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മുട്ടുങ്ങൽ നാദാപുരം സംസ്ഥാന പാതയിൽ എടച്ചേരി ടൗണിൽ ബുധനാഴ്ച്ച രാവിലെയാണ് അപകടം. വടകര ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും എതിർ ദിശയിൽ വരികയായിരുന്ന ഥാർ ജീപ്പിന്റെ ടയറിനുള്ളിലേക്ക് അകപ്പെടുകയുമായിരുന്നു. ജീപ്പ് ഡ്രൈവർ പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതിനാൽ യുവാവ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാർ ഏറെ ശ്രമിച്ചാണ് ടയറിന് ഉള്ളിൽ നിന്ന് ഇയാളെ പുറത്തെടുത്തത്. യുവാവ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.