അച്ഛനു സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട്; കോഴിക്കോട്ട് വീണ്ടും കോട്ടണിയുന്നു
1572471
Thursday, July 3, 2025 4:43 AM IST
കോഴിക്കോട്: ഇന്ദ്രജാല രംഗത്ത് അച്ഛന്റെ പ്രചോദനത്തിനു സ്നേഹാര്‍ദ്ര സമര്‍പ്പണവുമായി മാജിക്ക് ഷോ അവതരിപ്പിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അച്ഛന്റെ സ്മരണകളുണര്‍ത്തി ഓഗസ്റ്റ് ഒമ്പതിനു കോഴിക്കോട്ട് ‘ഇല്യൂഷന്‍ ടു ഇന്സ്പിരേഷന്' എന്ന പരിപാടിയുമായാണ് മുതുകാട് എത്തുന്നത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം മജീഷ്യന്റെ വേഷമണിയുന്നത്.
മുതുകാടിനു കോഴിക്കോടുമായി ആത്മബന്ധമാണള്ളത്. അദ്ദേഹത്തിന്റെ അച്ഛന് മരിച്ചത് കോഴിക്കോട്ടുവച്ചാണ്. മാജിക് ട്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ 1987 ഫെബ്രുവരി 20ന് കോഴിക്കോട് ടാഗോര്‍ ഹാളിലാണ് ആദ്യ പരിപാടി അവതരിച്ചിച്ചത്. കടലുകാണാന്‍ മുതുകാടിനെ അച്ഛന് കൂട്ടിക്കൊണ്ടുവന്നതും കോഴിക്കോട്ടേക്കാണ്.
പത്താം വയസില്‍ ജാലവിദ്യയില്‍ േകന്ദ്രീകരിച്ച മുതുകാട് നിയമം പഠിക്കാനായി ബംഗളൂരുവില്‍ ചേര്‍ന്നെങ്കിലും മാജിക്കിനോടുള്ള അഭിനിവേശം കാരണം പഠനം പാതിവഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മകന്റെ താത്പര്യം മനസിലാക്കിയ പിതാവ്, ഏറ്റെടുത്ത കര്മപാതയില്നിന്ന് പിന്തിരിയരുതെന്ന് ഉപദേശിച്ച് മാജിക്കിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഈ പ്രോത്സാഹനം മുതുകാടിന്റെ 56 വര്‍ഷത്തെ മാജിക് ജീവിതത്തിനു വഴിയൊരുക്കി.
അച്ഛനോടുള്ള കടപ്പാട് വെളിപ്പെടുത്തുന്നതായിരിക്കും മാജിക് ഷോയെന്ന് മുതുകാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രൊവിഡന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് ഷോ. മുപ്പത് ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കും. ഇന്ത്യന്‍ മാന്ത്രിക ലോകത്തെ അതികായന് പി.സി. സര്‍ക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഐവൈഎ, മലബാര്‍ ചേംബര്‍ ഓഫ് കൊേമഴ്സ്, മുതുകാട് നേതൃത്വം നല്കുന്ന ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടിയാണ് താനിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുതുകാട് പറഞ്ഞു. കാസര്‍കോട്ട് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ് എന്ന ബൃഹദ് പദ്ധതിയുമായി മൂന്നോട്ടുപോകുകയാണ്. 30 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വരുന്നത്.
ഐവൈഎ പ്രസിഡന്റ് ടി.ഡി. ഫ്രാന്‍സിസ്, ഒയിസ്ക ഇന്റര്‍നാഷണല്‍ െസക്രട്ടറി ജനറല്‍ അരവിന്ദ്ബാബു, സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫിലിപ്പ് മാത്യു, മലബാര്‍ ചേംബര്‍ പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.