മലാപ്പറമ്പ്-ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം; റോഡ് ഇടിഞ്ഞുതാഴ്ന്നു
1536345
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് മലാപ്പറമ്പ് - ചേവരമ്പലം റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ചേവരമ്പലം ജംഗ്ഷനില്‍ നിന്ന് മലാപ്പറമ്പിലേക്ക് പോകുന്ന ഭാഗത്ത് ഇന്നലെ രാവിലെ ഒന്‍പതോടെയാണ് റോഡിന് നടുവിലായി വലിയ ഗര്‍ത്തം രൂപപ്പെട്ടത്. വാട്ടര്‍ അതോറിറ്റി മലാപ്പറമ്പ് ടാങ്കില്‍ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള പൈപ്പാണ് പൊട്ടിയത്.
കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാന്കാരണം. വലിയ ശബ്ദത്തില്‍ പൈപ്പ് പൊട്ടിയതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ യാത്രക്കാരും പരിസരവാസികളും പരിഭ്രാന്തരായി. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശക്തിയില്‍ ഒഴുകിയെത്തിയ ചെളിനിറഞ്ഞ വെള്ളം തൊട്ടടുത്ത വീടുകളിലേക്കും പള്ളിയിലേക്കും കടകളിലേക്കും പാര്‍ട്ടി ഓഫീസിലേക്കും ഒഴുകിയെത്തി.
ഇതോടെ വലിയ നഷ്ടമാണുണ്ടായത്. വൈകാതെ പോലീസും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാല്‍വ് അടച്ചു.സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗത തടസവുമുണ്ടായി. രാവിലെ എല്ലാവരും ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി പോകുന്നതിനിടയിലാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. അതിനാല്‍ തന്നെ പൊളിഞ്ഞ റോഡിന്റെ അരികിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വാഹനങ്ങള്‍ കൂടുതലായി കടന്നു പോകുന്നതിനാല്‍ ബാക്കി ഭാഗവും പൊളിയുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
അതേസമയം പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കും. കെആര്‍എഫ്ബിക്ക് കീഴിലുള്ള റോഡായാതിനാല് അവരുമായി കൂടിയാലോചിച്ച് റോഡ് നവീകരണം പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഹെഡ് ഓഫ് സബ് ഡിവിഷന് (കോഴിക്കോട്) ബി.എല്‍ ദീപ്തിലാല്‍ പറഞ്ഞു.