ശര്‍ക്കരയില്‍ സുഗന്ധവ്യഞ്ജന രുചിച്ചേര്ത്ത് ഐഐഎസ്ആര്‍
1536343
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: ശര്‍ക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവര്‍ധിത ഉല്പന്നമാക്കി വിപണിയിലിറക്കാന്‍ തയാറെടുത്തിരിക്കുകയാണ് കോഴിക്കോട് ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആര്‍ - ഐഐഎസ്ആര്‍). സ്പൈസ് ഇന്‍ഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചിച്ചേര്‍ത്ത ശര്‍ക്കര) എന്ന പുതിയ ഉല്പന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗമാണ് വികസിപ്പിച്ചത്.
വെറും ശര്‍ക്കരക്കു പകരമായി ഷുഗര്‍ ക്യൂബ്സ് മാതൃകയില്‍ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശര്‍ക്കരയുടെ കട്ടകള്‍ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേര്‍ത്ത് തയാറാക്കുകയാണിവിടെ.
ഇഞ്ചി, ഏലം, കുരുമുളക് എന്നിങ്ങനെ വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും അതോടൊപ്പം പലതരത്തിലുള്ള ബ്ലെന്‍ഡുകളായും ഇവ ലഭ്യമാക്കിയിരുന്നു. ഉപഭോഗവസ്തു എന്ന നിലയില്‍ അന്താരാഷ്ട്ര വിപണിയിലുള്‍പ്പെടെ ശര്‍ക്കരക്ക് മികച്ച വിപണിയും ആവശ്യകതയുമാണ് നിലവിലുള്ളത്. ഇത് മറയാക്കി മായം ചേര്‍ത്തുവരുന്ന ശര്‍ക്കരയുടെ സാന്നിധ്യവും വിപണിയിലുടനീളം കാണപ്പെടുന്നുണ്ട്. ഇതിനുകൂടി പ്രതിവിധിയാണ് ഗവേഷണ സ്ഥാപനത്തിന്റെ ഉത്പന്നം. ഉപയോഗിക്കാന്‍ തീര്‍ത്തും സൗകര്യപ്രദമായ രീതിയില്‍ 4 ഗ്രാം വരുന്ന ക്യൂബുകളായാണ് ഇവ വരുന്നത്. ഭൗമസൂചിക പദവിയുള്ള മറയൂര്‍ ശര്‍ക്കര ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം.
ചൂടുവെള്ളത്തിലോ, ചായ, കാപ്പി പോലുള്ള പാനീയങ്ങളിലോ ഉപയോഗിക്കുമ്പോള്‍ 150 എംഎല് വരുന്ന ഒരു ഗ്ലാസിന് മൂന്നു ക്യൂബ് എന്ന അളവില്‍ ഉപയോഗിക്കാന്‍ തക്കവണ്ണമാണ് ഇത് തയാറാക്കിയിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സത്താണ് ഗവേഷണ സ്ഥാപനം ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശര്‍ക്കരയിലടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനത്തിന്റെ നൂറു ശതമാനവും തയാറാക്കുന്ന പാനീയത്തില്‍ ലയിച്ചു ചേരും. മറിച്ച് പൊടികള്‍ ചേര്‍ത്താണ് നിര്‍മാണമെങ്കില്‍ ഇതിന്റെ തോത് 40 മുതല്‍ 60 ശതമാനത്തോളം മാത്രമേ വരികയുള്ളൂ. ജലാംശം തീരെ കുറവുള്ള ഇവ കേടുകൂടാതെ എട്ടു മാസത്തോളം അന്തരീക്ഷ താപനിലയില്‍ സൂക്ഷിച്ചു വയ്ക്കാനുമാവും.
പഞ്ചസാരയ്ക്കു പകരമായി ആരോഗ്യപ്രദമായ ഒരു മാതൃകയായി ഈ ഉല്പന്നത്തിനെ തിരഞ്ഞെടുക്കാം. സുഗന്ധവ്യഞ്ജനരുചിയോടെ തീര്‍ത്തും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന ശര്‍ക്കരയുടെ ക്യൂബുകള്‍ക്ക് വിദേശത്തുള്‍പ്പെടെ മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ. ആര്. ദിനേശ് പറഞ്ഞു.ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ. ജയശ്രീ, ഗവേഷക വിദ്യാര്‍ത്ഥി മീര മോഹന്‍, ശാസ്ത്രജ്ഞരായ ഡോ. പി.വി അല്‍ഫിയ, ഡോ. കെ.അനീസ് , ഡോ. പി. രാജീവ്, ഡോ. സി. ശാരതാംബാള്‍ എന്നിവരടങ്ങിയ സംഘമാണ് ഇതിന്റെ ഉല്പാദനത്തില് പ്രവര്‍ത്തിച്ചത്.
ഈയിടെ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. പ്രസാദ് ഈ ഉല്‍പ്പന്നത്തിന്റെ വാണിജ്യോല്‍പ്പാദനത്തിനുള്ള ലൈസന്‍സ് തൃശൂരുള്ള സിഗ്നേച്ചര്‍ ഫുഡ്സ് എന്ന സ്ഥാപനത്തിന് കൈമാറിയിരുന്നു. ഈ ഉല്‍പ്പന്നത്തിന്റെ പേറ്റന്റിനും ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍