"നടപ്പാതകളിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കണം'
1600865
Sunday, October 19, 2025 5:24 AM IST
കോഴിക്കോട്: നഗരത്തിലെ നടപ്പാതകളിലുള്ള എല്ലാ കൈയേറ്റങ്ങളും ഉടൻ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവിക്കും നഗരസഭാ സെക്രട്ടറിക്കുമാണ് ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ഉത്തരവ് നടപ്പിലാക്കാതിരുന്നാൽ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 18 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും.
കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ നടപ്പാതാ കൈയേറ്റം ഉണ്ടായിട്ടും നഗരസഭയും പോലീസും ഫലപ്രദവും കർശനവുമായ നടപടി സ്വീകരിക്കാത്തത് തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിലുള്ള വീഴ്ചയാണെന്ന് ഉത്തരവിൽ പറഞ്ഞു.
കാൽനടയാത്രക്കാർക്കുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ നിയമപാലകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. തടസ രഹിതമായ നടപ്പാതകൾ യാത്രക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്ന സുപ്രീം കോടതിയുടെ ഉത്തരവ് കമ്മീഷൻ എടുത്തു പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയും നഗരസഭാ സെക്രട്ടറിയും കമ്മീഷൻ ഉത്തരവ് നടപ്പിലാക്കി മൂന്നാഴ്ചക്കുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നവംബർ 25 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.