കലാ സാഹിത്യ മേഖലയിലുള്ളവർക്ക് പ്രത്യേക പദ്ധതിയുമായി കൊടിയത്തൂർ
1600863
Sunday, October 19, 2025 5:24 AM IST
പന്നിക്കോട്: കല, സാഹിത്യം, സംഗീത രംഗത്തുള്ളവരെ പരിപോഷിപ്പിക്കുന്നതിനും ഈ മേഖലയിലുള്ളവർക്ക് ക്ഷേമ പദ്ധതികളും അവശത നേരിടുന്നവർക്ക് സാമ്പത്തിക സഹായവും നൽകുന്നതിനുമുള്ള നവീന പദ്ധതി ആവിഷ്കരിച്ച് കൊടിയത്തൂർ പഞ്ചായത്ത്. ഈ മേഖലയിലുള്ളവർ പലപ്പോഴും സാമ്പത്തിക പ്രയാസമനുഭവിക്കുന്നതും ഇതിന്റെ പേരിൽ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരങ്ങൾ നഷ്ടമാവുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടസാഹചര്യത്തിലാണ് പ്രാദേശിക കലാകാരൻമാർക്ക് പഞ്ചായത്ത് സഹായവുമായെത്തുന്നത്.
ഇതിന്റെ ഭാഗമായി പന്നിക്കോട് എയുപി സ്കൂളിൽ അപേക്ഷ ഫോം വിതരണവും രജിസ്ട്രേഷനും നടന്നു. നൂറോളം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗാനഭൂഷണം ശിവൻ ഉച്ചക്കാവിൽ മുഖ്യാതിഥിയായി. രജിസ്ട്രേഷൻ ഫോം വിതരണ ഉദ്ഘാടനം കലാഭവൻ ബാലുവിന് നൽകി അദ്ദേഹം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ശിവനെ ആദരിച്ചു. മുക്കം പ്രസ്ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, ബഷീർ പാലാട്ട്, രാകേഷ് ചെറുവാടി, അശോകൻ ഇരുപ്പയിൽ, ഹരിദാസ് കുനുർ, സുധി ചെറുവാടി, സുജിത് ഉച്ചക്കാവിൽ എന്നിവർ പ്രസംഗിച്ചു.