ഇല്ലിപ്പിലായി മലയിലെ പാറക്കല്ല് ഇന്നും നീക്കിയില്ല കുടുംബങ്ങൾ ഇന്നും ഭീഷണിയിൽ
1535628
Sunday, March 23, 2025 4:58 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് ഏഴാം വാർഡ് കല്ലാനോട് ഇല്ലിപ്പിലായി മലയിൽ നിന്നും താഴേക്ക് പതിച്ച് തങ്ങി നിൽക്കുന്ന കൂറ്റൻ പാറക്കല്ല് പൊട്ടിച്ചു നീക്കാത്തതിനാൽ ആശങ്ക ഒഴിയാതെ ഇന്നും കുടുംബങ്ങൾ.
കഴിഞ്ഞ വർഷം ജൂൺ 28-നാണ് പ്രദേശവാസികളിൽ ആശങ്കക്കിടയാക്കിയ സംഭവം. മലമുകളിൽ നിന്നും പാറക്കല്ല് 50 മീറ്ററോളം താഴേക്ക് ഉരുണ്ടു വീഴുകയായിരുന്നു. ഇതിന് താഴ്ഭാഗത്തായി പത്തോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു.
ഏറെ ഭീഷണിയായ സാഹചര്യത്തിൽ ജിയോളജി ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അടിയന്തരമായി പാറക്കല്ല് പൊട്ടിച്ച് നിൽക്കണമെന്ന് റിപ്പോർട്ട് നൽകി.
എന്നാൽ ഒരു വർഷം പിന്നിടാനായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത നിലയിലാണുള്ളത്. മഴക്കാലമായാൽ എന്ത് ചെയ്യുമെന്ന ആശങ്കയോടെയാണ് കുടുംബങ്ങൾ ഇന്നും കഴിയുന്നത്.