രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയാക്കല്‍ മേയ് മാസത്തോടെ പൂര്‍ത്തിയാക്കും
1535363
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഭാഗം മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. നാല് പാലങ്ങളും ഏഴ് മേല്‍പ്പാലങ്ങളുമാണ് പാതയില്‍ ഉള്ളത്. പാലങ്ങളിൽ മാമ്പുഴ, പുറക്കാട്ടിരി, അറപ്പുഴ എന്നിവയുടെ നിർമാണം പൂർത്തിയായി. കോരപ്പുഴ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. മേൽപ്പാലങ്ങൾ ഏഴും തയാറായി. വെങ്ങളം, പൂളാടിക്കുന്ന് എന്നിവ മാത്രമാണ് തുറക്കാൻ ബാക്കി.
കരാർ നൽകുമ്പോൾ നാലു പാലങ്ങളും രണ്ടു വരിയായിരുന്നു. കേന്ദ്രസർക്കാർ ഇതിൽ മാറ്റം വരുത്തി മൂന്നുവരിയുടെ മറ്റൊരു പാലം കൂടി നാലിടത്തും നിർമിക്കാൻ തീരുമാനിച്ചു. അതോടെ പാലങ്ങൾ എട്ട് വരി വീതിയായി. പുതിയ പാലത്തിന് നാലിടത്തും കരാർ നൽകിയത് കഴിഞ്ഞ ഡിസംബറിലാണ്. ഒന്നര വർഷമാണ് നിർമാണ കാലാവധി. അതിനാൽ രാമനാട്ടുകര–വെങ്ങളം ദേശീയപാത മേയിൽ പൂർത്തിയാകുമ്പോൾ നാലു പാലങ്ങളും അഞ്ച് വരിയിൽ മാത്രമേ ഗതാഗത്തിനു തുറക്കൂ. ബാക്കി നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകും.
ദേശീയപാതാ നവീകരണ പദ്ധതിയുടെ രണ്ട് ഭാഗങ്ങളുടെ മധ്യഭാഗത്തു വരുന്നതാണ് വെങ്ങളം മേൽപാലം. 530 മീറ്റർ മേൽപ്പാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കകം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകും. പക്ഷേ പണി തീർന്നാലും തുറക്കേണ്ടെന്നാണ് തീരുമാനം. കാരണം പാലം കഴിഞ്ഞുള്ള വെങ്ങളം–അഴിയൂർ ഭാഗത്തെ റോഡുപണി എങ്ങുമെത്തിയിട്ടില്ല.
വെങ്ങളം മേൽപ്പാലം തുറന്നുകൊടുത്താൽ അതുവഴി ഇറങ്ങിവരുന്ന വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ പാത പൂർത്തിയായിട്ടില്ല എന്നതാണ് പ്രശ്നമായി ചൂണ്ടികാണിക്കപ്പെടുന്നത്.