സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
1511964
Friday, February 7, 2025 4:59 AM IST
കോഴിക്കോട്: റേഷന്‍ സംവിധാനം അട്ടിമറി, അവശ്യ വസ്തുക്കളുടെ വില വര്‍ധനവ്, മാവേലി സ്റ്റോറുകളെ നോക്കുകുത്തികളാക്കി തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി കെപിസിസിയുടെ ആഹ്വാന പ്രകാരം താലൂക്ക് അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാതല ഉദ്ഘാടനം വടകരയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ നിര്‍വഹിച്ചു. താമരശേരി താലൂക്കില്‍ നടന്ന ധര്‍ണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനും, കൊയിലാണ്ടി താലൂക്കില്‍ കെപിസിസി മെമ്പര്‍ കെ. രാമചന്ദ്രന് നിര്‍വഹിച്ചു.
സിവില്‍ സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ ഡിസിസി മുന്‍ പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ന്യായ വിലഷാപ്പുകള് തകര്‍ക്കുന്ന തലതിരിഞ്ഞ നടപടികള്‍ക്കാണ് കേരളവും കേന്ദ്രവും ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
റേഷന്‍ ഷാപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ വിഭാഗങ്ങള്‍ ഇന്നലെ വരെ സമരമുഖങ്ങളിലായിരുന്നു. റേഷന്‍ ഷാപ്പുകളില്‍ ഇനിയും അരിവിതരണം ശരിയാം വണ്ണം നടന്നിട്ടില്ല.
അതിനിടയിലാണ് മാര്‍ച്ച് ഒന്നു മുതല്‍ ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) നടപ്പാക്കുന്നതോടെ ന്യായവില ഷാപ്പുകളുടെ പ്രസക്തി തന്നെ ഇല്ലാതാവുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. ഇത് പാവപ്പെട്ടവരോട് ഈ സര്‍ക്കാരുകള്‍ കാണിക്കുന്ന കൊടിയ വഞ്ചനയാണെനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, കെ.എം. അഭിജിത്ത്, സുല്‍ഫിക്കര്‍ അലി, രമേശ് നമ്പിയത്ത്, മമ്മത്കോയ, എന്‍. ഷെറില്‍ ബാബു, കെ.സി. ശോഭിത, പി. കൃഷ്ണകുമാര്‍, അറോട്ടില്‍ കിഷോര്‍, കെ. ശ്രീജിത്ത്, രവികുമാര്‍ പനോളി, കെ. സുബൈര്‍ പ്രസംഗിച്ചു.