ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി; ആദ്യ മത്സരത്തിൽ ഫറോക്കിന് ജയം
1507979
Friday, January 24, 2025 5:03 AM IST
കൂരാച്ചുണ്ട്: 39-ാമത് ഫാ. ജോർജ് വട്ടുകുളം സ്മാരക സംസ്ഥാന തല ഫുട്ബോൾ ടൂർണമെന്റ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിച്ചു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായി. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർലി ഏബ്രഹാം, ജെസി ജോസഫ് എന്നിവരും ഫാ. ജിയോ കടുകൻമാക്കൽ സന്നിഹിതരായി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബ്ലാക്ക് സൺസ് തിരുവോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാചയപ്പെടുത്തി ഫോസ ന്യൂ സോക്കർ ഫറോക്ക് വിജയികളായി.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഫാ. ജോർജ് വട്ടുകുളം സ്മാരക എവർ റോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂപ മണി പ്രൈസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ സ്മാരക എവർ റോളിംഗ് ട്രോഫിയും 50,000 രൂപ മണി പ്രൈസും നൽകും.
ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി അരീക്കോട് എംവൈസി കക്കയവുമായി ഏറ്റുമുട്ടും. ഫെബ്രുവരി രണ്ടിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ മുഖ്യാതിഥിയാകും.