സിഗ്നേച്ചർ കാമ്പയിൻ നടത്തി
1467691
Saturday, November 9, 2024 6:25 AM IST
മുക്കം: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിനായി സിഗ്നേച്ചർ കാമ്പയിൻ നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം മാമ്പറ്റ ഡോൺ ബോസ്കോ കോളജിൽ നടന്ന കാമ്പയിൻ ജില്ലാ അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ജോബി എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. വോട്ട് രേഖപ്പെടുത്തുന്നത് മൗലികാവകാശമാണെന്നും 18 വയസ് പൂർത്തിയായി വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വിദ്യാർഥികളും വോട്ട് ചെയ്യണമെന്നും അവസരം പാഴാക്കരുതെന്നും അസി. കളക്ടർ അഭിപ്രായപ്പെട്ടു.
തുടർന്ന് വിദ്യാർഥികൾക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കോളജ് ഓപണ്‍ ഓഡിറ്റോറിയത്തിലെ കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും ഒപ്പ് രേഖപ്പെടുത്തി കാമ്പയിനിൽ പങ്കാളികളായി. താമരശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സുധീര, വില്ലേജ് ഓഫീസർ ഖാദർ, സെക്ഷൻ ഓഫീസർ ബഷീർ, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.