ദൈവം കുടികൊള്ളുന്നതു മനസിലാണെന്നു തിരിച്ചറിയാത്തതു വലിയ ദുരന്തം: കൈതപ്രം
1459473
Monday, October 7, 2024 5:30 AM IST
കോഴിക്കോട്: മതവിദ്വേഷത്തിന്റെയും മതസംരക്ഷണത്തിന്റെയും പേരിൽ പോരടിക്കുന്പോൾ ദൈവം മനസിലാണ് കുടികൊള്ളുന്നതെന്ന തിരിച്ചറിവ് മനുഷ്യനില്ലാതെ പോകുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്ന് കൈതപ്രം ദാമോദരൻ നന്പൂതിരി.
പേരക്ക ബുക്സിന്റെ ഏഴാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കഥാപാത്രങ്ങൾക്കുവേണ്ടിയാണ് പാട്ടുകളെഴുതുന്നതെങ്കിലും സ്വന്തം അനുഭവങ്ങളിൽ നിന്നാണ് താനെഴുതുന്നതെന്നും സ്വന്തം സന്തോഷങ്ങളും സങ്കടങ്ങളും തന്നെയാണ് കവിതയായി പിറക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ അധ്യക്ഷനായിരുന്നു. എഴുത്തച്ഛൻ പുരസ്കാരമടക്കം അർഹിച്ച, ആ അംഗീകാരങ്ങൾ ലഭിക്കാതെ പോയ എഴുത്തുകാരനാണ് യു.എ. ഖാദറെന്ന് യു.കെ. കുമാരൻ പറഞ്ഞു.
യു.എ. ഖാദർ കഥാപുരസ്കാരം ഇ.കെ.ഷാഹിനയ്ക്ക് യു.കെ. കുമാരൻ സമ്മാനിച്ചു. പേരക്ക എഴുത്തുപുര പുരസ്കാരം പി.പി ശ്രീധരനുണ്ണിയും പി.കെ. പാറക്കടവും വിതരണം ചെയ്തു.
ചടങ്ങിൽ പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങൾ പി.കെ. പാറക്കടവ്, പി.പി. ശ്രീധരനുണ്ണി, കാനേഷ് പൂനൂര്, സത്യചന്ദ്രൻ പൊയിൽക്കാവ്, അബൂബക്കർ കാപ്പാട്, റഹ്മാൻ കിടങ്ങയം, ഉസ്മാൻ ഇരുന്പുഴി തുടങ്ങിയവർ പ്രകാശനം ചെയ്തു.
ബിനേഷ് ചേമഞ്ചേരി, ശരീഫ് കാപ്പാട്, പ്രശോഭ് സാകല്യം, രേഷ്മ ബാവ മൂപ്പൻ, ആരിഫ അബ്ദുൽ ഗഫൂർ, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, സത്യനാഥ് രാമനാട്ടുകര, പുരുഷൻ ചെറുകുന്ന്, ഷബ്നം ഷെറിൻ, കയ്യുമ്മു കോട്ടപ്പടി, വീരാൻ അമരിയിൽ, സുബൈദ മേലേപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.