നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍
1458803
Friday, October 4, 2024 4:33 AM IST
കോഴിക്കോട്: ഭക്തിയും അറിവും പരസ്പരപൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രണ്ടും ഭിന്നമെന്നു തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സർഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. സ്ത്രീകളുടെ സംഭാവനകളെ മാനിക്കാനും സ്വതന്ത്ര്യം സുരക്ഷ എന്നിവ ഉറപ്പാക്കാനും നവരാത്രി ആഘോഷം പ്രേരിപ്പിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നവരാത്രി ആഘോഷത്തിന്റെ ഏറ്റവും ഹൃദ്യമായ അനുഭവം കുരുന്നുകളുടെ വിദ്യാരംഭമാണ്. അറിവ് നേടുകയെന്നതാവണം ജീവിതലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേസരിക്ക് പുതുതായി പണിത സോപാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നവരാത്രി സര്‍ഗോത്സവത്തിന് തുടക്കം കുറിച്ചത്. സർഗോത്സവ സമിതി അധ്യക്ഷയും നടിയുമായ വിധുബാല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ.വത്സനെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ആദരിച്ചു.