ക്വാറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
1454060
Wednesday, September 18, 2024 4:28 AM IST
കൂടരഞ്ഞി: പനക്കച്ചാൽ പീലികുന്നിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് സ്ഥലം ഉടമ പിൻമാറണമെന്ന് രാഷ്ട്രീയ ജനതാദൾ പനക്കച്ചാൽ യൂണിറ്റ് യോഗം ആവശ്യപെട്ടു. നിരവധിയാളുകൾ തിങ്ങി താമസിക്കുന്ന പനക്കച്ചാൽ കുളിരാമുട്ടി പ്രദേശത്തിന് മധ്യഭാഗത്താണ് ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നത്.
2018 ലെ കാലവർഷത്തിനോടനുബന്ധിച്ച് ഭൂമി വിണ്ടുകീറൽ പ്രതിഭാസമുണ്ടായ പ്രദേശമാണിത്. ഈ പ്രദേശത്ത് ക്വാറി തുടങ്ങാനുള്ള ശ്രമത്തിനെതിരേ പ്രദേശവാസികളെയും, ബഹുജനങ്ങളെയും അണിനിരത്തി സമരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ റോയി നെച്ചിക്കാട്ടിൽ, സണ്ണി മുഴയംമാക്കൽ, കൃഷ്ണൻ ആലുള്ളകണ്ടി, പി.ഡി. ഷിജു, ബേബി നെച്ചിക്കാട്ടിൽ, തങ്കച്ചൻ നെച്ചികാട്ടിൽ, ദേവസ്യ ഐക്കരനിരപ്പേൽ തുടങ്ങിയവർ പങ്കെടുത്തു.