ദുരിതത്തിലാണ്ട് ഓണക്കാലയാത്ര; ട്രെയിനുകളും കെഎസ്ആര്‍ടിസിയും ഹൗസ്ഫുള്
1453855
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: അവധിക്കാലത്തെ യാത്രാദുരിതത്തിന് ഇക്കുറിയും അറുതിയില്ല. ഉത്രാടം ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ജനറല്‍ കോച്ചുകളില്‍ കാലുകുത്താന്‍ ഇടമില്ലാതെയാണ് ട്രെയിനുകളില്‍ ആളുകള്‍ യാത്ര ചെയ്തത്. എങ്ങിനെയും നാട്ടിലെത്തുക എന്ന ഉദ്ദേശത്തോടെ സ്ലീപ്പര്‍ കോച്ചില്‍ കയറിയവരെ പോലീസും സ്ക്വാഡും തെരഞ്ഞുപിടിച്ച് ഇറക്കി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കാണ് ട്രെയിന്‍ യാത്ര ഏറെ ദുഷ്കരമായത്. മാസങ്ങള്‍ക്കുമുമ്പെ ടിക്കറ്റുകള്‍ കിട്ടാനില്ലായിരുന്നു. ചെറിയ ദൂരമായാലും സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് യാത്രചെയ്തവരും ഏറെ. തൃശൂര്‍ കഴിഞ്ഞാല്‍ പിന്നെ ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടമില്ലാതാകുകയാണെന്ന് മലബാറിലെ യാത്രക്കാര്‍ പറയുന്നു.
കോഴിക്കോട് എത്തിയാലും തിരക്ക് കുറയുന്നില്ല. വലിയ ശതമാനം പേര് ട്രെയിനില്‍നിന്ന് ഇറങ്ങിയാലും അതിന്റഎ മൂന്നിരട്ടി കയറാനായി സ്റ്റേഷനില്‍ ഉണ്ടാകും. ഏത് ട്രെയിന്‍ എത്തിയാലും വലിയൊരു കൂട്ടം പ്ലാറ്റ്ഫോമില്‍ ഉണ്ടാകും. പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി തുടങ്ങിയ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡ് യാത്ര ഒഴിവാക്കി കൂടുതല്‍ പേരും ട്രെയിന്‍ മാര്‍ഗം തെരഞ്ഞെടുത്തതും തിരക്ക് കൂടാന്‍ കാരണമായി.ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതോടെ കൂടുതല്‍ പേരും ആശ്രയിച്ചത് കെഎസ്ആര്‍ടിസിയെയാണ്. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും സീസണ് മുതലാക്കാന്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ കെഎസ്ആര്‍ടിസികളില്‍ വന്‍തിരക്കായി. കോഴിക്കോട് ഉള്‍പ്പെടെ പ്രധാന സ്റ്റാന്‍ഡുകളിലെല്ലാം യാത്രക്കാര്‍ നിറഞ്ഞു. അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് റദ്ദായവരും കൂട്ടത്തോടെ സ്റ്റാന്‍ഡുകളിലെത്തി.
ഇവര്‍ക്ക് ബസിലും റിസര്‍വേഷന്‍ ലഭിച്ചില്ല. പലരും നിന്നാണ് യാത്രചെയ്തത്.കോഴിക്കോട്ടുനിന്ന് ഏഴ് സര്‍വീസ് ബംഗളൂരുവിലേക്കും ഒരെണ്ണം തിരുവനന്തപുരത്തേക്കും ഒരുക്കിയിരുന്നു.
സ്വന്തം ലേഖകന്‍