നാടിനെ ഭീതിയിലാഴ്ത്തി കടിയങ്ങാട് തെരുവുനായ ശല്യം രൂക്ഷം
1452456
Wednesday, September 11, 2024 5:09 AM IST
പേരാന്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി. പ്രഭാത സവാരിക്കാരും വിവിധ ആവശ്യങ്ങൾക്കും ജോലികൾക്കുമായി പുറത്തു പോകുന്നവരും തിരിച്ചു വീട്ടിലേക്കു പോകാൻ രാത്രി വൈകി ടൗണിൽ വന്നിറങ്ങുന്നവരും ആശങ്കയിലാണ്.
കൂട്ടമായി വിലസുന്ന തെരുവുനായ്ക്കൾ അക്രമാസക്തരാണ്. അതിരാവിലെ ട്യൂഷനും മറ്റുമായി വിദ്യാർഥികൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ആത്മരക്ഷാർത്ഥം കല്ലും വടിയും കരുതിയാണ് പലരുടെയും യാത്ര. രക്ഷിതാക്കളെ ആശ്രയിക്കുന്നവരുമുണ്ട്.
പെരുവണ്ണാമൂഴി റോഡ്, വില്ലേജ് ഓഫീസ് റോഡ്, കല്ലൂർ റോഡ്, സ്കൂൾ റോഡ്, പൂവത്തിൻ ചുവട്, ഉപയോഗിക്കാതെ കിടക്കുന്ന പീടിക തിണ്ണകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ നായകൾ താവളമായി കയ്യടക്കി വച്ചിരിക്കുകയാണ്. കോഴികളെയും പക്ഷികളെയും മറ്റും ഭക്ഷണമാക്കുന്നതും പൂച്ചക്കളെ ഓടിച്ചിട്ടു പിടിച്ചു കൊല്ലുന്നതും പതിവു കാഴ്ച്ചയാണ്.
അക്രമകാരികളായ നായകളെ പിടിച്ച് കൂട്ടിലടയ്ക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് കടിയങ്ങാട് ടൗണ്‍ വികസന സമിതി കണ്‍വീനർ സലാം പുല്ലാകുന്നത്ത് ആവശ്യപ്പെട്ടു.