നാദാപുരത്ത് 32.62 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
1452437
Wednesday, September 11, 2024 4:32 AM IST
നാദാപുരം: ബംഗളൂരുവിൽ നിന്നു കാറിൽ കേരളത്തിലേക്കു കൊണ്ടു വരുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. വയനാട് കന്പളക്കാട് സ്വദേശി കൊട്ടാരക്കുന്ന് തയ്യിൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26), കന്പളക്കാട് സ്വദേശിനി പുതിയ വീട്ടിൽ അഖില (24) എന്നിവരെയാണ് നാദാപുരത്തുവച്ച് നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കൈവിലങ്ങുമായി ഓടി രക്ഷപെടാൻ ശ്രമിച്ച ഇജാസിനെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സ്റ്റേഷന് മുന്നിലെ കാടു മൂടിയ പറന്പിൽ ചാടിക്കടന്ന് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം.
ഇയാളെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടു വരുന്നതിനിടെ പ്രതി പോലീസുകാർക്കു നേരെ അസഭ്യ വർഷം നടത്തുകയും സ്റ്റേഷനിലെ ഫർണ്ണിച്ചറുകൾ അടിച്ചു തകർക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാത്രി ഏഴോടെ പേരോട്-പാറക്കടവ് റോഡിൽ വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവതി ഇജാസിന്റ സുഹൃത്താണെന്നും മയക്ക് മരുന്ന് കരിയർ ആണെന്നും പോലീസ് പറഞ്ഞു.
ഇവർ സഞ്ചരിച്ചിരുന്ന കെഎൽ12 പി 7150 നന്പർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിശോധനക്കായി കാർ തടഞ്ഞുനിർത്തിയപ്പോൾ തന്നെ ഇജാസും അഖിലയും ബഹളം വയ്ക്കുകയും പോലീസിനോടു തട്ടിക്കയറുകയും ചെയ്തു. ഇജാസ് കാറിൽ നിന്നു റോഡിലിറങ്ങി അക്രമസക്തനാവുകയും മറ്റു വാഹനങ്ങൾക്ക് മാർഗ തടസം ഉണ്ടാക്കുകയും ചെയ്തു.
തുടർന്ന് പോലീസ് കാർ സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കാറിന്റെ ഇടതു സീറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ 32.62 ഗ്രാം എംഡിഎംഎയും ലാപ്ടോപ്പ്, രണ്ട് ഐ ഫോണ്, മറ്റൊരു മൊബൈൽ ഫോണ്, മിനി ക്യാമറ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും കണ്ടെടുത്തത്.
ലോക്കപ്പിലടച്ച ഇജാസ് പൈപ്പിൽനിന്ന് വെള്ളം എടുത്ത് പോലീസുകാരുടെ ദേഹത്ത് ഒഴിച്ചു. ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകരോടും പ്രതി ഭീഷണി മുഴക്കി. പക്ഷെ മജിസ്ട്രേറ്റിന് മുന്നിലും ആശുപത്രിയിലും പ്രതി അൽപ സമയം ശാന്തനായി.
2023 ൽ ഇജാസ് ഉൾപ്പെടെ മൂന്ന് പേരെ വയനാട് തൊണ്ടർനാട് പോലീസ് 37 ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തിരുന്നു. 100 ലേറെ ദിവസം പ്രതി റിമാന്റിലായിരുന്നു. ഒരു മാസം മുന്പാണ് അഖില ഇജാസിനെ പരിചയപെട്ടതെന്നാണ് പോലീസ് പറയുന്നത്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഇവർ.
നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, നാദാപുരം ഡിവൈഎസ്പി എ.പി. ചന്ദ്രൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ഡാൻസാഫ് തുടങ്ങിയവർ പ്രതിയെ ചോദ്യം ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്നു കണ്ടെത്തിയ മൊബൈൽ ഫോണുകളും ലാപ് ടോപ്പും വിശദമായി പരിശോധിക്കുമെന്ന് നാദാപുരം എസ്എച്ച്ഒ എം.എസ്. സാജൻ അറിയിച്ചു.