ന്യൂനപക്ഷപദവി വിനിയോഗത്തിലെ അപാകത; വടകര ഡിഇഒ ഓഫീസിന് 15,000 പിഴ
1451960
Monday, September 9, 2024 7:57 AM IST
കോഴിക്കോട്: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയറിനെ പ്രധാനാധ്യാപകൻ ആക്കിയതിൽ ചട്ടങ്ങൾ പാലിക്കാത്ത ഡിഇഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ അടയ്ക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീമാണ് പിഴ ഈടാക്കി ഉത്തരവിട്ടത്.
വടകര വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയറായിരുന്ന എം. സുലൈമാനെ മറികടന്ന് ജൂനിയറായ ആർ. ഷംസുദ്ദീനെ പ്രിൻസിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കമ്മീഷൻ കണ്ടെത്തി.
കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയായ ഈ സ്ഥാപത്തിൽ അബ്ദുൽഹമീദ് കണിയാക്കണ്ടിയെ മാനേജരാക്കിയ നടപടി രേഖപോലും ഹാജരാക്കാൻ ഡിഇഒ ഓഫീസിന് കഴിഞ്ഞില്ല. ഈ വിദ്യാഭ്യാസ ഏജൻസിയുടെ ഭരണഘടന, നിയമന തീരുമാനങ്ങളുടെ മിനുട്സ്, നിയമനം നേടിയവരുടെ യോഗ്യത എന്നിവയൊന്നും ഡിഇഒ ഓഫീസ് വേണ്ടവിധം പരിശോധിച്ചില്ലെന്നും കമ്മീഷൻ കണ്ടെത്തി.