എൻഐടി വിദ്യാർഥി ഗവേണിംഗ് ബോഡിയിൽനിന്നു മലയാളികളെ തഴയാൻ നീക്കം
1451957
Monday, September 9, 2024 7:57 AM IST
കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ വിദ്യാർഥി ഗവേണിംഗ് ബോഡിയിൽ നിന്നു മലയാളി വിദ്യാർഥികളെ ഒഴിവാക്കാൻ ശ്രമം. 10 അംഗ വിദ്യാർഥി ഗവേണിംഗ് ബോഡിയിൽ ജനറൽ സെക്രട്ടറി അടക്കം അഞ്ചു സെക്രട്ടറി സ്ഥാനവും ഇതര സംസ്ഥാന വിദ്യാർഥികൾക്കായി സംവരണം ചെയ്താണ് മലയാളി വിദ്യാർഥികൾ തഴയപ്പെടാൻ കാരണം.
എൻഐടിയിൽ ഭൂരിപക്ഷം വിദ്യാർഥികളും മലയാളികളാണെന്നിരിക്കെയാണ് ഈ നടപടി. ഇന്നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ, പുതിയ നിബന്ധന മൂലം പ്രധാന സ്ഥാനങ്ങളിലേക്കു നോമിനേഷൻ നൽകാൻ മലയാളി വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടില്ല.
പുതിയ തീരുമാനപ്രകാരം കൾച്ചറൽ, ടെക്നിക്കൽ, സ്പോർട്സ്, പിജി അക്കാദമിക് സ്ഥാനങ്ങളിലേക്കു മാത്രമേ മലയാളി വിദ്യാർഥികൾക്കു മത്സരിക്കാൻ കഴിയുകയുള്ളു. ജനറൽ സെക്രട്ടറി, ഫിനാൻസ്, ഹോസ്റ്റൽ തുടങ്ങിയ അഞ്ചു സ്ഥാനങ്ങളിലേക്കു മലയാളി വിദ്യാർഥികൾക്കു മത്സരിക്കാൻ കഴിയില്ല. നേരത്തെ സ്പീക്കറും 13 സെക്രട്ടറിമാരും ഉണ്ടായിരുന്ന സ്റ്റുഡന്റ്സ് അഫയേഴ്സ് കൗണ്‍സിൽ ഭേദഗതി ചെയ്ത് 21 അംഗ ഗവേണിംഗ് ബോഡി പുതിയതായി രൂപീകരിച്ചപ്പോഴാണ് മലയാളി വിദ്യാർഥികളെ അവഗണിച്ചത്.
ഗവേണിംഗ് ബോഡിയിൽ 10 വിദ്യാർഥികളും, അഡ്മിനിസ്ട്രേഷൻ വിഭാഗം നോമിനേറ്റു ചെയ്യുന്ന 11 ഫാക്കൽറ്റി പ്രതിനിധികളുമാണ് ഉള്ളത്. കോളജ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ തീരുമാനങ്ങൾക്കെതിരേ മുൻകാലങ്ങളിൽ വിദ്യാർഥികളുടെ ഒൗദ്യോഗിക ബോഡിയായ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗണ്‍സിൽ രംഗത്തു വന്ന സാഹചര്യത്തിൽ കൂടിയാണ് അധികൃതരുടെ പുതിയ തീരുമാനം.