മിൽമ വിറ്റുവരവിൽ 5.52 ശതമാനം വർധന : ക്ഷീരകർഷകർക്ക് 100 രൂപ സബ്സിഡി 50 ദിവസം കാലിത്തീറ്റ
1451542
Sunday, September 8, 2024 4:34 AM IST
കൽപ്പറ്റ: പാൽ, പാൽ ഉത്പന്ന വിറ്റുവരവിൽ വർധന രേഖപ്പെടുത്തി കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ(മിൽമ). മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവിൽ 5.52 ശതമാനം വർധന രേഖപ്പെടുത്തി.
2022-23 സാന്പത്തിക വർഷം വിറ്റുവരവ് 4119.25 കോടി രൂപയായിരുന്നത് 2023-24ൽ 4346.67 കോടി രൂപയായി. വയനാട് ഡയറിയിൽ മിൽമ 51-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട കണക്ക് അവതരണം.
ഫെഡറേഷന്റെ 70.18 കോടി രൂപയുടെ കാപിറ്റൽ ബജറ്റും 589.53 കോടി രൂപയുടെ റവന്യു ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസം നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്ത് പാൽ ഉത്പാദനം കുറയുന്നതിലെ ആശങ്ക യോഗം പങ്കുവച്ചു.
പാൽ ഉത്പാദനം വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർഥിച്ചു. വൈവിധ്യമുള്ള ഉത്പന്നങ്ങൾ എത്തിച്ചും ഉപഭോക്താക്കളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞും വിപണിയിൽ സജീവമായി ഇടപെടാനും നൂതന സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.
പാൽ ഉത്പാദനം വർധിപ്പിക്കുന്നതിനും ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തിയും നിരവധി പദ്ധതികളാണ് മൽമ നടപ്പാക്കുന്നതെന്നു ചെയർമാൻ കെ.എസ്. മണി പറഞ്ഞു. കാലിത്തീറ്റ ചെലവ് കുറയ്ക്കുന്നതിനു നടപടികൾ സ്വീകരിച്ചും അധിക പാൽവിലയും ആകർഷകമായ ഇൻസെന്റീവുകളും നൽകിയും ക്ഷീരകർഷകരെ ഒപ്പം നിർത്തുന്ന നടപടികളാണ് ഫെഡറേഷനും മേഖലാ യൂണിയനുകളും സ്വീകരിക്കുന്നത്. വയനാട്ടിൽ ഉൾപ്പെടെ പ്രകൃതിദുരന്ത, കാലാവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക ഇടപെടൽ നടത്താനായി.
ഉത്പന്നങ്ങളുടെ വിപണി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റീ പൊസിഷനിംഗ് മിൽമ പദ്ധതി നടപ്പാക്കിയത് വിലയിലും ഗുണനിലവാരത്തിലും ഡിസൈനിലും പാക്കിംഗിലും ഏകീകൃത രൂപം നൽകി. മിൽമ ചോക്ലേറ്റും മറ്റ് ഇൻസ്റ്റന്റ് ഉത്പന്നങ്ങളും ഉൾപ്പെടെ പുറത്തിറക്കി വിപണിയുടെ മാറുന്ന താത്പര്യം തിരിച്ചറിഞ്ഞ് ഇടപെടൽ നടത്താനായി. ഓണക്കാലത്ത് ആവശ്യത്തിന് പാലും പാൽ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ചെയർമാൻ പറഞ്ഞു.
ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനു 12 മാസവും കാലിത്തീറ്റയ്ക്ക് സബ്സിഡി, കന്നുകാലികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം, പശുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ, ക്ഷീരകർഷകരുടെയും കന്നുകാലികളുടെയും ഇൻഷ്വറൻസ്, 40 വയസിൽ താഴെയുള്ള രണ്ട് അംഗങ്ങൾ ക്ഷീരസംഘങ്ങളുടെ ഭരണസമിതിയിൽ തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന ഭേദഗതിയിൽ ഇളവ്, സംഘങ്ങളുടെ വസ്തുവിന്റെ ഫെയർവാല്യു,
സംസ്ഥാനത്തെ നിലവിലുള്ള പശുക്കളുടെ എണ്ണം, പാൽ ഉത്പാദനം എന്നിവ സംബന്ധിച്ചു സമഗ്ര സർവേ, സ്വകാര്യ വിതരണക്കാരിൽനിന്ന് കേരളത്തിലെ ക്ഷീര കർഷകർക്കും സർക്കാരിനും പ്രയോജനം, സംഘങ്ങൾ സ്ഥലം/വസ്തു വാങ്ങിയതിനും കെട്ടിടങ്ങൾ നിർമിച്ചതിനും സ്വീകരിച്ച നടപടികൾക്ക് സാധൂകരണം എന്നീ വിഷയങ്ങളിൽ പ്രമേയാവതരണം നടന്നു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ചൂരൽമല ക്ഷീര സംഘത്തിന് നൽകാൻ തീരുമാനിച്ചു.
എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എംഡി ആസിഫ് കെ. യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിലെ ക്ഷീര കർഷകരെ സന്ദർശിച്ചു.