ഓൺലൈൻ തട്ടിപ്പ്: പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി
1451324
Saturday, September 7, 2024 4:31 AM IST
നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി. പരാതിക്കാരിയായ പുറമേരി സ്വദേശിനിയുടെ മാതാവിന് ഓൺലൈൻ ഷോപ്പിംഗ് നറുക്കെടുപ്പിൽ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് വിശ്വസിപ്പിച്ച് പല തവണകളായി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി എടുക്കുകയായിരുന്നു.
പണം നൽകി ദിവസങ്ങൾ കഴിഞ്ഞും ലക്ഷങ്ങളുടെ സമ്മാനം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിലും നാദാപുരം പോലീസിലും പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ രമേഷ് കുമാർ, സോഹൻ കുമാർ, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് മാസത്തിനിടെ നാദാപുരം മേഖലയിൽ പത്ത് ലക്ഷത്തോളം രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.