റോഡിന്റെ വീതി നിർണയിക്കാതെ നിർമിച്ച ആശുപത്രി മതിൽ പൊളിച്ചു
1450756
Thursday, September 5, 2024 4:36 AM IST
പെരുവണ്ണാമൂഴി: ആസൂത്രണം ഇല്ലാതെ നിർമിച്ച ആശുപത്രി മതിൽ പൊളിച്ച് കെആർഎഫ്ബി അധികൃതർ. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മതിലിനാണ് ഈ ദുർഗതി. പ്രാഥമിക ആരോഗ്യ കേന്ദ്രം എഫ്എച്ച്സി ആയി ഉയർത്തുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ വകയിരുത്തി ആശുപത്രി കെട്ടിടം നവീകരിക്കുകയുണ്ടായി.
ചക്കിട്ടപാറ പെരുവണ്ണാമൂഴി പാത ഓരത്താണ് ആശുപത്രി. ലക്ഷങ്ങൾ ചെലവഴിച്ച് മതിലും നിർമിച്ചു. മദർ തെരേസ ഉൾപ്പടെയുള്ള മഹത് വ്യക്തികളുടെ ചിത്രങ്ങളും വചനങ്ങളും വർണപ്പകിട്ടാർന്ന മതിലിൽ ആലേഖനം ചെയ്യുകയുമുണ്ടായി. ഇതിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി.
ഈ മതിലാണ് മലയോര ഹൈവേ പ്രവർത്തിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊളിച്ചത്. ചക്കിട്ടപാറ പഞ്ചായത്തിന്റെ അധീനതയിലാണ് പെരുവണ്ണാമൂഴി സർക്കാർ കുടുംബാരോഗ്യ കേന്ദ്രം. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെ റോഡിന്റെ കൃത്യമായ വീതി അളവ് ഉണ്ട്. അധികൃതർ ഇത് മനസിലാക്കാതെ നിർമിച്ചതിനാലാണ് മതിൽ ഇപ്പോൾ പൊളിക്കേണ്ടി വന്നത്.
പൊളിച്ച മതിൽ പുനർ നിർമിക്കുമെന്ന് ഹൈവേ പ്രവർത്തി കരാറുകാരായ യുഎൽസിസി പറയുന്നുണ്ട്. അതേ സമയം മഹത് വ്യക്തികളുടെ ചിത്രങ്ങളും വചനങ്ങളും വീണ്ടും ആലേഖനം ചെയ്യണമെങ്കിൽ ഇനിയും വേറെ ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്.