കാരശേരിയിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം വീണ്ടും തുറക്കുന്നു
1444241
Monday, August 12, 2024 4:55 AM IST
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് കാരശേരി പഞ്ചായത്ത് നിർമിച്ച ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ നടപടിയാകുന്നു. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഉൾപ്പെടെയുള്ളവക്കായി കരാറെടുത്തവർ കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നിർത്തിപ്പോയതോടെയാണ് വിശ്രമകേന്ദ്രം അടച്ചു പൂട്ടിയിരുന്നത്.
ഇതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ശൗചാലയമടക്കമുള്ള സംവിധാനങ്ങളും അടച്ചു പൂട്ടുകയായിരുന്നു. സംഭവം വിവാദമായതോടെ കാരശേരി പഞ്ചായത്ത് ശൗചാലയം തുറന്നെങ്കിലും അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നില്ല. നേരത്തെ മാസം 40,000 രൂപയോളമായിരുന്നു മാസവാടകയെങ്കിൽ നിലവിൽ 20,000 രൂപയാണ് മാസ വാടക ലഭിക്കുക. ഹോട്ടലിന് പകരം കഫ്തീരിയയും പ്രവർത്തിക്കും.
ഓടതെരുവിലെ മാടാംപ്പുറത്താണ് പദ്ധതി ആരംഭിച്ചത്. പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. ഇതുവഴി കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനത്തോടു കൂടിയ കെട്ടിടമാണ് 43 ലക്ഷം രൂപ ചെലവിൽ നിർമിച്ചിരുന്നതെങ്കിലും ഇതിന്റെ പ്രയോജനം പലപ്പോഴും ലഭിച്ചിരുന്നില്ല.
എല്ലാ ശുചിമുറികളിലും സാനിട്ടറി നാപ്കിൻ, ഡിസ്ട്രോയർ, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങൾ അണുനശീകരണ സംവിധാനങ്ങൾ എന്നിവ അടങ്ങുന്ന പദ്ധതിയാണ് ലക്ഷ്യം വച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ ഒന്നാം നില കൂടി നിർമിച്ച് കൂടുതൽ സൗകര്യപ്രദമാക്കുമെന്നും കാരശേരി പഞ്ചായത്തധികൃതർ വ്യക്തമാക്കിയിരുന്നു.