കായകൽപ്പ് അവാർഡിൽ തിരുവന്പാടി പഞ്ചായത്തിന് ഇരട്ട നേട്ടം
1444233
Monday, August 12, 2024 4:29 AM IST
തിരുവമ്പാടി: 2023 -24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇരട്ട നേട്ടവവുമായി തിരുവന്പാടി പഞ്ചായത്ത്. തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം, പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രവുമാണ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി മലയോര മേഖലയ്ക്ക് അഭിമാനമായത്.
രണ്ട് സ്ഥാപനങ്ങൾക്കും 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുകയും പ്രശസ്തി പത്രവും ലഭിക്കുന്നതാണ്. ദേശീയ അവാർഡായ എൻക്യുഎഎസ് അവാർഡും സംസ്ഥാന കാഷ് അവാർഡും കഴിഞ്ഞവർഷം തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം നേടിയിരുന്നു.
സര്ക്കാര് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്ക്കാര് ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ്. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അവാർഡ് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.
അവാർഡ് നേട്ടം ആശുപത്രി വികസനത്തിനും പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്നും മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.