വിലങ്ങാട് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
1444228
Monday, August 12, 2024 4:29 AM IST
ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവ കേന്ദ്രങ്ങൾ
വിലങ്ങാട്: ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
"വിലങ്ങാട് ദുരന്തം ഗൗരവത്തിൽ കാണുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവിടെ സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും. അതുവരെ വാടക വീട് ഉൾപ്പെടെയുള്ള താത്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. വീടുകൾക്ക് സംഭവിച്ച കൃത്യമായ നാശനഷ്ടം, എത്ര വീടുകൾ വാസയോഗ്യമല്ലാതായി എന്നതിന്റെ കണക്ക് 17ന് മുമ്പ് നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉരുൾപൊട്ടലിനെത്തുടർന്ന് നാല് പഞ്ചായത്തുകളിലെ പുഴകളിൽ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കളക്ടർക്ക് നിർദേശം നൽകിയതായി ഇതുസംബന്ധിച്ച് ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിൽ മന്ത്രി റിയാസ് വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ വിശദമായ അന്തിമ റിപ്പോർട്ടിനായി കാക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് ടൗൺഷിപ്പ് മാതൃകയിൽ പുനരധിവസിപ്പിക്കാൻ കഴിയുന്ന മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.
വിലങ്ങാടിനായി സുമനസുകൾ വാഗ്ദാനം ചെയ്ത വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ ഈ മാസ്റ്റർ പ്ലാനുമായി ഏകോപിപ്പിച്ച് ഒരു പാക്കേജ് ആക്കണം. ഉരുൾപൊട്ടലിനെ ത്തുടർന്ന് വാണിമേൽ, നാദാപുരം, എടച്ചേരി വളയം പുഴകളിൽ ആയിരക്കണക്കിന് മരങ്ങളും ടൺ കണക്കിന് കല്ലുകളും അടിഞ്ഞിട്ടുണ്ടെന്നും ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തില്ലെങ്കിൽ പുഴ ഗതി മാറി ഒഴുകാൻ സാധ്യതയുണ്ടെന്നും ഇ.കെ. വിജയൻ എംഎൽഎ ചൂണ്ടിക്കാട്ടി.
വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവ കേന്ദ്രങ്ങൾ ഉള്ളതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയതായും എംഎൽഎ അറിയിച്ചു. ഓരോ വകുപ്പും നൽകുന്ന നാശനഷ്ടങ്ങളുടെ കണക്കിനും പുനരധിവാസ നിർദേശങ്ങൾക്കും കൃത്യമായ ഡോകുമെന്റേഷൻ നിർബന്ധമാണ്. ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം ഇന്ന് വിലങ്ങാട് എത്തുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ഡ്രോൺ പരിശോധന തുടങ്ങിക്കഴിഞ്ഞു. ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക.