കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് നടത്തി
1442168
Monday, August 5, 2024 4:39 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ, വയോധികർ തുടങ്ങി വിവിധ കാരണങ്ങൾകൊണ്ട് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത നിരവധി പേർക്ക് ആശ്വാസമായി പെൻഷൻ മസ്റ്ററിംഗിന് സൗകര്യമൊരുക്കി. സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർക്കായാണ് ചെറുവാടി അക്ഷയ സെന്ററിന്റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.
2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതുണ്ടെന്ന സർക്കാർ ഉത്തരവ് ഗുണഭോക്താക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തന്റെ വാർഡിലെ ഗുണഭോക്താക്കൾക്കായി വീടുകളിലെത്തി മസ്റ്ററിംഗ് സൗകര്യമൊരുക്കിയതെന്ന് വാർഡ് മെന്പർ വി. ഷംലൂലത്ത് പറഞ്ഞു. 50 ഓളം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
നേരത്തെ രണ്ടാം വാർഡിൽപെട്ട മറ്റ് പെൻഷൻ ഉപഭോക്താക്കൾക്കായി കാരക്കുറ്റി സുന്നി മദ്രസയിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150 ഓളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയിരുന്നു. വാർഡിലെ ഗ്യാസ് ഉപഭോക്താക്കൾക്കായി കാരക്കുറ്റി സ്കൂളിൽ വച്ച് സൗജന്യമായി ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 150 ഓളം പേരാണ് ഇവിടെയെത്തി മസ്റ്ററിംഗ് നടത്തിയത്.