വിലങ്ങാട് പാനോത്ത് മൂന്ന് വീടുകൾ തകർന്നു
1442160
Monday, August 5, 2024 4:25 AM IST
നാദാപുരം: ഉരുൾ താണ്ഡവമാടിയ വിലങ്ങാട് പാനോംത്ത് മൂന്ന് വീടുകൾ തകർന്നു. വാണിമേൽ പഞ്ചായത്തിലെ പത്താം വാർഡാണ് പാനോം. സർവനാശം വിതച്ച ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ കണക്കെടുപ്പും രക്ഷാപ്രവർത്തനവും ശക്തമായി നടക്കുമ്പോൾ മറ്റൊരു ദുരന്ത കേന്ദ്രമായ പാനോത്ത് ആരുമെത്തിയില്ലെന്ന് പ്രദേശത്തെ താമസക്കാർ പറഞ്ഞു.
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് താമസക്കാരുടെ എണ്ണം കുറവാണെങ്കിലും കാർഷിക സമൃദ്ധമായ റബർ, കമുങ്ങ്, തെങ്ങ്, കൊക്കോ, ജാതി, ഇടവിളകൾ എന്നിവ നിറഞ്ഞ പ്രദേശമാണ് പാനോം. ഏക്കർകണക്കിന് കൃഷിഭൂമിയിലാണ് ഇവിടെ നാശനഷ്ടം നേരിട്ടത്. രണ്ടും മൂന്നും ഉരുളുകൾ ഒന്നിച്ച് ചേർന്നുള്ള വൻകുത്തിയൊലിപ്പാണ് പ്രദേശത്തെ ദുരന്തഭൂമിയാക്കിയത്.
പാനോം, ആനക്കുഴി ഉൾപ്പെടുന്ന മലയിൽ മാത്രം മൂന്ന് വീടുകൾ തകർന്ന നിലയിലാണ്. ഇതിൽ കരിയിൽ ബാബു, അർധ സഹോദരൻമാരായ പാലോലിൽ ലീലാമ്മ, സജി എന്നിവരുടെ വീട് മലവെള്ളപ്പാച്ചിൽ ഉപയോഗശൂന്യമായി. സമീപത്ത് തന്നെ തറപ്പേൽ അഭിലാഷിന്റെ വീടും ഉപയോഗശൂന്യമായ നിലയിലാണ്. തൊട്ടടുത്ത് താമസിക്കുന്ന തെക്കേൽ മാത്യു എന്ന കർഷകന്റെ ഏക്കർ കണക്കിന് വിവിധ കാർഷിക വിളകൾ നശിച്ചു.
മലമുകളിൽ പ്രവർത്തിക്കുന്ന പന്തലാടിയിൽ സോണിയുടെ പന്നിഫാം ഒലിച്ചു നൂറിലധികം പന്നികളെ കാണാതായി. അവശേഷിക്കുന്ന 60 എണ്ണം റോഡുകൾ തകർന്നതിനാൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാതെ പട്ടിണിയിലുമാണ്. ലക്ഷങ്ങളുടെ നാശം നേരിട്ടതായി ഉടമ സോണി പറഞ്ഞു.