അപകടമേഖലയായി ഇരുമ്പകം-തുമ്പച്ചാൽ റോഡ്
1438115
Monday, July 22, 2024 5:16 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ താൽക്കാലികമായി ഗതാഗതം തിരിച്ചുവിട്ട ഇരുമ്പകം- തുമ്പച്ചാൽ റോഡ് അപകട മേഖലയായി മാറി. കഴിഞ്ഞദിവസം ഇവിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.
വീതി കുറഞ്ഞ ഈ പഞ്ചായത്ത് റോഡിലൂടെ നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കവും കുഴികളും നിറഞ്ഞ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും പ്രയാസമാണ്. വീതി കുറഞ്ഞ വളവിൽ ഇരുവശത്തും വൈദ്യുതക്കാലുകൾ ഉള്ളതും റോഡിനു നടുവിലെ കുഴിയും അപകടം വർധിപ്പിക്കുന്നു.
റോഡിന് ഇരുവശവും വളർന്ന പൊന്തക്കാടുകൾ വാഹന യാത്രക്കാരുടെ കാഴ്ചയും മറയ്ക്കുന്നു. കലുങ്ക് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം ഈ വഴി തിരിച്ചുവിട്ടത്. അതിന്റെ പണി തീർന്നെങ്കിലും മറ്റൊരു കലുങ്കിന്റെ പണി ഇപ്പോൾ ആരംഭിച്ചു. പകുതി ഭാഗം പണിത മറുവശത്തുകൂടി ഗതാഗതം സാധ്യമാക്കാം.
ഈ റോഡിൽ തന്നെ ആനക്കാംപൊയിൽ ഭാഗത്ത് കലുങ്കുകളുടെ പ്രവൃത്തി നടത്തുമ്പോൾ റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു. ഇങ്ങനെ ക്രമീകരണം നടത്തി എത്രയും വേഗം പ്രധാന റോഡിലൂടെ വാഹന ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.