ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള പിണറായിയുടെ കുമ്പസാരം വെറും മുതലക്കണ്ണീർ: മുല്ലപ്പള്ളി
1438113
Monday, July 22, 2024 5:16 AM IST
പേരാമ്പ്ര: തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കുമ്പസാരവും കുറ്റബോധ പ്രകടനവും വെറും മുതലക്കണ്ണീർ മാത്രമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻ ചാണ്ടിക്കെതിരേ ഉയർന്ന ആരോപണം തെറ്റാണെന്ന് അറിഞ്ഞിട്ടും പിണറായി ക്രൂരമായ വ്യക്തിഹത്യക്ക് നേതൃത്വം നൽകിയത് കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിൽ രൂപീകൃതമായ ഡിവോട്ട് (ഡെഡിക്കേറ്റഡ് വാല്യൂയിംഗ് ഉമ്മൻ ചാണ്ടീസ് തോട്ട് ഓഫ് എക്സലൻസ്) ചാരിറ്റബിൾ ട്രസ്റ്റ് ഹൃദയാഞ്ജലി എന്ന പേരിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. ചേർത്തു പിടിക്കലിന്റെയും സമഭാവനയുടെയും മഹത്തായ സംസ്കാരം കേരളത്തിന് സംഭാവന ചെയ്ത നേതാവാണ് ഉമ്മൻ ചാണ്ടി.
ഭരണാധികാരികൾക്ക് എത്രത്തോളം വിനയം വേണമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. അധികാരത്തിന്റെ ഗർവില്ലാതെ, അംഗരക്ഷകരുടെ പടയില്ലാതെ ജനങ്ങൾക്കിടയിലാണ് ഉമ്മൻ ചാണ്ടി ജീവിച്ചത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറി. ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു അദ്ദേഹം. നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് നൂറോളം നിയമങ്ങൾ അദ്ദേഹം ഭേദഗതി ചെയ്തത്. കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രാജസിംഹാസനത്തിൽ ഇരിക്കുന്നവരല്ല, ജനങ്ങളാണ് യഥാർത്ഥ യജമാനൻമാർ എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയാണ് അദ്ദേഹം.
1960കളിൽ തകർച്ചയിലേക്ക് പോയ കോൺഗ്രസിനെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ഉയർത്തെഴുന്നേൽപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കരുണയുടെയും കരുതലിന്റെയും തുല്യതയുടെയും രാഷ്ട്രീയം കാണിച്ചുതന്ന ഉമ്മൻ ചാണ്ടി എക്കാലവും ജനങ്ങളാൽ ഓർമിക്കപ്പെടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ട്രസ്റ്റ് വോളണ്ടിയർമാർക്കുള്ള ടീ ഷർട്ടിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കെ. മധുകൃഷ്ണൻ, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, പി.കെ. രാഗേഷ്, ഇ.പി. മുഹമ്മദ്, കല്ലൂർ വിനോദൻ, മോഹൻദാസ് ഓണിയിൽ, റഫീഖ് കല്ലോത്ത്, വി. ആലീസ് മാത്യു, പി.സി. രാധാകൃഷ്ണൻ, ജോസ് കാരിവേലി, എം. സൈറാബാനു, വി.ബി. രാജേഷ്, വി.പി. സുരേഷ് പ്രസംഗിച്ചു.