എംഎൽഎ ഇടപെട്ടു: ബസ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി
1437041
Thursday, July 18, 2024 7:11 AM IST
വടകര: മൂന്നു ദിവസമായി കണ്ണൂർ കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി.
കെ.കെ. രമ എംഎൽഎയുമായി തൊഴിലാളികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ വെള്ളക്കെട്ടും കുഴികളുമാണ് ഇത് പരിഹരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ദേശീയപാത അഥോറിറ്റി റീജിയണൽ ഓഫീസറുമായി എംഎൽഎ നടത്തിയ ചർച്ചയിൽ പാതയിലെ വലിയ കുഴികൾ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പു നൽകി.
കൂടാതെ വടകര പെരുവാട്ടും താഴ ജംഗ്ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് സ്വീകരിക്കും. കൂടാതെ പയ്യോളിയിൽ പണി പൂർത്തിയായ പാതയിൽ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും. ഇപ്പോൾ സർവീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.